സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രം ഇന്നു മുതല്‍ ടാഗോര്‍ തീയറ്ററില്‍
തിരുവനന്തപുരം: വിദേശ തൊഴിലന്വേഷകരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രം ഫിബ്രവരി അഞ്ച് വ്യാഴാഴ്ച മുതല്‍ ടാഗോര്‍ തീയേറ്ററിലെ പ്രത്യേക കൗണ്ടറിലാകും പ്രവര്‍ത്തിക്കുകയെന്ന് പ്രവാസികാര്യമന്ത്രി എം.എം. ഹസ്സന്‍ അറിയിച്ചു.
രാവിലെ ഒമ്പതു മുതല്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. റൂട്സിന്റെ വഴുതക്കാട്ടുള്ള ഓഫീസിന് ജനത്തിരക്ക് ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് കൗണ്ടര്‍ ടാഗോറിലേക്ക് മാറ്റിയത്. ഒരുദിവസം 150 പേര്‍ക്കാണ് രേഖകള്‍ സാക്ഷ്യപ്പെടുത്തി നല്കുക. പക്ഷേ, തിരക്ക് പരിഗണിച്ച് വ്യാഴാഴ്ചമുതല്‍ ആദ്യ 150 പേര്‍ക്കുശേഷം ക്യൂവിലുള്ള ബാക്കി മുഴുവന്‍ പേര്‍ക്കും തീയതി രേഖപ്പെടുത്തി നല്കും. അപേക്ഷകര്‍ ഈ തീയതിയില്‍ വന്നാല്‍ മതിയാകും.
രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന കൗണ്ടര്‍ സ്ഥിരം സംവിധാനമാണെന്നും അപേക്ഷകര്‍ ധൃതികൂട്ടേണ്ട കാര്യമില്ലെന്നും മന്ത്രി ഹസ്സന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലാ കലക്ടറേറ്റുകളിലും ഇതിനുള്ള അപേക്ഷ ലഭിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഇപ്പോള്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തി നല്കുന്നത് കേന്ദ്ര മാനവശേഷി വികസനമന്ത്രാലയമാണ്. ഇതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനെ ഏല്‍പിക്കുകയാണെങ്കില്‍ കോഴിക്കോട്ടും കൊച്ചിയിലും ഓരോ കേന്ദ്രം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications