തിരുവനന്തപിരത്ത് എസ്.എഫ്.ഐ പഠിപ്പ് മുടക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ എസ്.എഫ്.ഐ യുടെ നേതൃത്ത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫിബ്രവരി അഞ്ച് വ്യാഴാഴ്ച പഠിപ്പ് മുടക്കി. എസ്.എഫ്.ഐ. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഫബ്രവരി നാല് ബുധനാഴ്ച വൈകീട്ട് ഉണ്ടായ സംഘട്ടനത്തില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. കേരളത്തിലുടനീളം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളില്‍ മാത്രമേ പഠിപ്പ് മുടക്ക് ഉണ്ടായുള്ളു. അണ്‍ എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ചില സര്‍ക്കാര്‍ സ്കൂളുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
ഫിബ്രവരി നാല് ബുധനാഴ്ച വൈകീട്ട് എസ്.എഫ്.ഐ-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം പോലീസുകാരും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുള്ള തെരുവുയുദ്ധത്തിന് വഴിമാറുകയായിരുന്നു. ഈ അക്രമത്തില്‍ പോലീസുകാരും വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബുധനാഴ്ച രാവിലെ പാപ്പനംകോട് ശ്രീചിത്രാ എഞ്ചിനീയറിങ്ങ് കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് സംഭവങ്ങളുടെ തുടക്കം. സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ബി.വി.പി. പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ സന്ദര്‍ശിക്കാന്‍ എ.ബി.വി.പി.,ബി.ജെ.പി. നേതാക്കളും എത്തിയിരുന്നു. വൈകീട്ട് നാലുമണിയോടെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. അതോടെ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം മെഡിക്കല്‍ കോളേജിലായി.
ഇതറിഞ്ഞ് എത്തിയ പോലീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജില്‍ നിന്ന് നീക്കി. ഇവരെ നന്ദാവനം ആംഡ് റിസര്‍വ് പൊലീസ് ക്യാമ്പിലേക്കാണ് കൊണ്ടുവന്നത്. വഴിയിലും ക്യാമ്പിലും വച്ച് തങ്ങളെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പറഞ്ഞു.
പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ് ചെയ്തത് അറിഞ്ഞ് സി.പി.എം. ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍, മേയര്‍ പ്രൊഫ. ജെ.ചന്ദ്ര, എം.എല്‍.എ.മാരായ ടി.കെ. ബാലന്‍, എം.വി. ജയരാജന്‍ തുടങ്ങിയവര്‍ ക്യാമ്പിന് മുന്നിലെത്തി. ഇവരെ അകത്തേയ്ക്ക് കയറ്റാന്‍ പോലീസ് തയ്യാറായില്ല. ഇത് കണ്ട് ക്യാമ്പിന് പുറത്ത് കൂട്ടം കൂടി നിന്നിരുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗേറ്റിനടുത്തെത്തി. ഇവരെയും ബലംപ്രയോഗിച്ച് അകത്തുകയറ്റാന്‍ പോലീസ് ശ്രമിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണമായത്. ഈ സംഘര്‍ഷത്തിലാണ് പോലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്.
ഈ ബഹളങ്ങള്‍ നടക്കുന്നതിനിടെ ക്യാമ്പിനകത്തുണ്ടായിരുന്ന എസ്.എഫ്.ഐ.ക്കാര്‍ പുറത്തേക്കിറങ്ങി ഓടി. പിന്നീട് ഇവര്‍ റോഡില്‍ കുത്തിയിരുന്നു. ഇവരെ അകത്തുകയറ്റണോ എ ന്ന കാര്യത്തില്‍ പോലീസുകാര്‍ക്കും ആശയക്കുഴപ്പമുണ്ടായി. കുറച്ചുകഴിഞ്ഞ് പോലീസ് കമ്മീഷണര്‍ രാജന്‍സിങ്ങും സംഘവും സ്ഥലത്തെത്തിയപ്പോള്‍ കുത്തിയിരുന്നവര്‍ ഓടി. സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെ ആറുപേര്‍ ഒറ്റപ്പെട്ടു. ഇവരെ പോലീസ് പിടികൂടി. ഇവരെ പിന്നീട് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ ബിജുമുരളീധരന്‍, ജീവന്‍ടി.വി. ക്യാമറാമാന്‍ സുനില്‍കുമാര്‍ ചൊവര, ഏഷ്യാനെറ്റ് ക്യാമറാമാന്‍ പി.കെ. ഗോപകുമാര്‍, മെഡിക്കല്‍ കോളേജ് സി.ഐ. ജയശങ്കര്‍, എസ്.ഐ. തുളസീധരന്‍, എ.എസ്.ഐ. തോമസ്, എച്ച്.സി.മാരായ ജയകുമാര്‍, പ്രസന്നകുമാര്‍, മൈതീന്‍കണ്ണ്, അബ്ദുള്‍ലത്തീഫ്, എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ബിനീഷ്കോടിയേരി, ഹരി, വികാസ്, ജയന്‍, അരുണ്‍, രാഹുല്‍, എ.ബിവി.പി. പ്രവര്‍ത്തകരായ സിനോജ്, മുഹമ്മദ്, രാജേഷ്ബാബു, ദിലീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.












Click it and Unblock the Notifications