ലോക്സഭ വെള്ളിയാഴ്ച പിരിച്ച് വിടും
ദില്ലി: പതിമൂന്നാം ലോക്സഭ ഫിബ്രവരി ആറ് വെള്ളിയാഴ്ച പിരിച്ചുവിടും. വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി വാജ്പേയി രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെക്കണ്ട് ഇതിനുള്ള അവസാന നിവേദനം നല്‍കിയിരുന്നു.
ഇനി ഈ ദേശീയ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭയായി തുടരും.
ലോക്സഭ പിരിച്ചുവിടുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ജനുവരി 27നു രാഷ്ട്രപതിക്കു സമര്‍പ്പിച്ചപ്പോള്‍ ബജറ്റ് നട പടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വാജ്പേയിയോട് അദ്ദേഹം നിര്‍ദേശിച്ചു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ രാഷ്ട്രപതിയെ സന്ദര്‍ശിച്ച വാജ്പേയി ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു.
ഇതിനേക്കാള്‍ നേരത്തേ സഭ പിരിച്ച് വിടാന ഒരു തവണ ബി.ജെ.പി. ആലോചിച്ചിരുന്നു. എന്നാല്‍ ജെ.എം. ലിഗ്ദൊ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിയ്ക്കുമ്പോള്‍ അത് ചെയ്യാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. അതാണ് വൈകിച്ചത്. ഫിബ്രവരി ഏഴ് ശനിയാഴ്ചയാണ് ലിംഗ്ദൊ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷര്‍ സ്ഥാനത്ത് നിന്ന് പിരിയുന്നത്. പുതിയ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എസ്. കൃ ഷ്ണമൂര്‍ത്തി ഞായറാഴ്ച സ്ഥാനമേല്‍ക്കും. വൈകാതെ തന്നെ തിരഞ്ഞെടുപ്പു പ്രഖ്യാപനവും പുറത്തു വരും. ഏപ്രിലില്‍ 13 മുതല്‍ ഒരാഴ്ചകൊണ്ട് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications