നാല് പ്രമുഖര്‍ ഇക്കുറി മത്സരത്തിനില്ല
കൊച്ചി: ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാല് പ്രമുഖ നേതാക്കള്‍ ഉണ്ടാവില്ല. കോണ്‍ഗ്രസ് നേതാക്കളായ കെ. കരുണാകരന്‍, കെ. മുരളീധരന്‍, വി. എം. സുധീരന്‍, സിപിഎം നേതാവ് ടി. ഗോവിന്ദന്‍ എന്നിവരാണ് മത്സരരംഗത്തു നിന്ന് മാറിനില്‍ക്കുന്നത്.
കെ. കരുണാകരന്‍ മുകുന്ദപുരത്തെയും വി. എം. സുധീരന്‍ ആലപ്പഴയിലെയും കെ. മുരളീധരന്‍ കോഴിക്കോട്ടെയും ടി. ഗോവിന്ദന്‍ കാസര്‍കോട്ടെയും സിറ്റിംഗ് എംപിമാരാണ്. വിവിധ കാരണങ്ങളാലാണ് ഇവര്‍ ഇക്കുറി മത്സരരംഗത്തു നിന്ന് വിട്ടുനില്‍ക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ. കരുണാകരന്‍ ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കാനിടയില്ലെന്നാണ് സൂചന. ഏപ്രിലില്‍ ഒഴിയുന്ന രാജ്യസഭാ സീറ്റിലൂടെ വലിയ ബുദ്ധിമുട്ടില്ലാതെ പാര്‍ലമെന്റിലെത്താനാണ് കരുണാകരന്‍ നോക്കുന്നത്.
മുകുന്ദപുരത്തു മത്സരിക്കുന്നത് ഒഴിവാക്കുമ്പോള്‍ തനിക്ക് താത്പര്യമുള്ള ആരെയെങ്കിലും അവിടെ നിര്‍ത്താമെന്ന ലക്ഷ്യവും കരുണാകരനുണ്ട്. മകള്‍ പത്മജ വേണുഗോപാലിനെ മുകുന്ദപുരത്ത് സ്ഥാനാര്‍ഥിയാക്കാനാണ് കരുണാകരന്‍ ശ്രമിക്കുന്നത്. ലോക്സഭയിലൂടെ മകള്‍ക്കും രാജ്യസഭയിലൂടെ തനിക്കും പാര്‍ലമെന്റിലെത്താമെന്നതാണ് കരുണാകരന്റെ ലക്ഷ്യം. ആരോഗ്യപരമായ കാരണങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കരുണാകരനെ പ്രേരിപ്പിക്കുന്നു.
മന്ത്രിയാവാന്‍ വേണ്ടിയാണ് കെ. മുരളീധരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുന്നത്. ഫിബ്രവരി 11ന് ബുധനാഴ്ച മുരളി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഒമ്പത്, പത്ത് ലോക്സഭകളില്‍ അംഗമായ മുരളിക്ക് പിന്നീട് രണ്ടു വട്ടം തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ രുചി നുണയേണ്ടിവന്നു. 99ല്‍ വീണ്ടും വിജയം അദ്ദേഹത്തെ തേടിയെത്തി. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് പുതിയ വഴിത്തിരിവുകളിലെത്തിയതിനെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് മുരളി മന്ത്രിയാവുന്നത്.
അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വി. എം. സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനെ അദ്ദേഹം അറിയിച്ചുകഴിഞ്ഞു.
നാലുതവണയാണ് വി. എം. സുധീരന്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. 1978-ല്‍ 28-ാം വയസിലാണ് ആദ്യമായി അദ്ദേഹം ആലപ്പുഴയില്‍ നിന്ന് ജയിച്ച് എംപിയായി പാര്‍ലമെന്റിലെത്തുന്നത്.
അനാരോഗ്യം കാരണമാണ് കാസര്‍കോട്ട് മണ്ഡലത്തില്‍ ഇത്തവണ സിപിഎം നേതാവ് ടി. ഗോവിന്ദന്‍ മത്സരിക്കാത്തത്. തുടര്‍ച്ചയായി മൂന്ന് തവണയാണ് ടി. ഗോവിന്ദന്‍ കാസര്‍കോട്ടിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. 98ല്‍ സിപിഎമ്മിന്റെ ലോക്സഭാ വിപ്പായിരുന്നു അദ്ദേഹം.












Click it and Unblock the Notifications