ലീഗ് മന്ത്രിയെ മാറ്റും?
തിരുവനന്തപുരം: കെ. മുരളീധരനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിയ്ക്കുന്നതിനോടൊപ്പം മുസ്ലിം ലീഗിന്റെ ഒരു മന്ത്രിയെ മാറ്റുമെന്ന് അറിയുന്നു. നാലകത്ത് സൂപ്പിയെയാണ് മാറ്റാനായി ലീഗ് ഉദ്ദേശിയ്ക്കുന്നത്.
ബി എഡ് കോളെജ് അഴിമതി പ്രശ്നത്തില്‍ നിന്ന് മുഖം രക്ഷിയ്ക്കാനായി ആന്റണിയും മുസ്ലിം ലീഗും നടത്തുന്ന തന്ത്രമാണ് ഇതെന്നാണ് കരുതുന്നത്. പകരം കുട്ടി അഹമ്മദ് കുട്ടിയെ മന്ത്രിയാക്കാനാണ് ലീഗ് നേതൃത്ത്വത്തിന്റെ നീക്കം.
എന്നാല്‍ സൂപ്പിയെ നീക്കുന്നതില്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉണ്ട്.
പ്രതിപക്ഷം ബി എഡ് പ്രശ്നത്തില്‍ സൂപ്പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയില്‍ ഈ മന്ത്രിക്കെതിരെ ഉയര്‍ന്ന ശക്തമായ വിമര്‍ശനമാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കണമെന്ന അഭിപ്രായത്തിന് ശക്തി കൂട്ടിയത്. ഇതുണ്ടായാല്‍ പുതിയ മന്ത്രിയായി കുട്ടി അഹമ്മദ് കുട്ടി മുരളിയ്ക്കൊപ്പം ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്.
മന്ത്രിയായി അധികാരമേറ്റതു മുതല്‍ കേട്ടുവരുന്ന ആരോപണങ്ങള്‍ ഈ മന്ത്രിയോട് ലീഗ് നേതൃത്വത്തിന് നീരസമുണ്ടാവാന്‍ കാരണമായിട്ടുണ്ട്. ലീഗിലെ ചേരിതിരിവും മന്ത്രിയെ നീക്കാന്‍ കാരണമായെന്നാണ് അറിയുന്നത്.
ബിഎഡ് കോളജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ലീഗിനും മന്ത്രിസഭയ്ക്കും ഏല്പിച്ച ക്ഷീണത്തില്‍ നിന്ന് മുക്തമാവാന്‍ മന്ത്രിയെ ഒഴിവാക്കണം എന്ന അഭിപ്രായം ബലപ്പെട്ടതിനെ തുടര്‍ന്നാണ് ലീഗ് നേതൃത്വം ഈ തീരുമാനത്തിലെത്തിയത്.












Click it and Unblock the Notifications