മാതൃകാ നാളികേര പദ്ധതി വിജയം
ആലപ്പുഴ: ജില്ലയിലെ വയലാര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ മാതൃകാ നാളികേര പദ്ധതി വിജയമായി.
പാവപ്പെട്ട തെങ്ങ് കൃഷിക്കാരുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ 2002ലാണ് പദ്ധതി തുടങ്ങിയത്. 2004 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാവും. ഏഷ്യന്‍ വികസന ബാങ്ക് സഹായത്തോടെ കൊച്ചിയിലെ പീക്കേ വൃക്ഷ-വിള വികസന ഫൗണ്ടേഷനും മലേഷ്യയിലെ ഇന്റര്‍നാഷണല്‍ കോക്കനട്ട് ജെനിറ്റിക് റിസോഴ്സസ് നെറ്റ്വര്‍ക്കും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.
തെങ്ങ് കൃഷി സമ്പ്രദായങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ചെയ്തത്. പദ്ധതിക്ക് കീഴിലിലായി രൂപം കൊണ്ട വയലാര്‍ ഗ്രാമവികസന കേന്ദ്രത്തില്‍ അംഗങ്ങളായ 650 കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വാര്‍ഷിക വരുമാനം 27,000ല്‍ താഴെ മാത്രമുള്ള കുടുംബങ്ങള്‍ക്കാണ് അംഗത്വം നല്‍കിയത്.
വരുമാനം വര്‍ധിപ്പിക്കാനുള്ള സംരംഭങ്ങളിലേര്‍പ്പെട്ട നാളികേര കര്‍ഷകര്‍ക്ക് പദ്ധതിക്ക് കീഴിലായി സാങ്കേതിക സഹായം നല്‍കി. നാളികേരത്തില്‍ നിന്നും ഭക്ഷണ സാധനങ്ങളും പാനീയങ്ങളും സോപ്പുകളും ഡിറ്റര്‍ജന്റുകളും കരകൗശല വസ്തുക്കളും ഉണ്ടാക്കുന്നതിന് 103 സ്ത്രീകള്‍ക്കും 16 പുരുഷന്മാര്‍ക്കും പരിശീലനം നല്‍കി. നാളികേര കൃഷി സമ്പ്രദായങ്ങളില്‍ 165 പുരുഷന്മാര്‍ക്കും 53 സ്ത്രീകള്‍ക്കും പരിശീലനം നല്‍കി. കൊപ്ര നിര്‍മാണത്തില്‍ 20 കര്‍ഷകര്‍ക്കും പരിശീലനം ലഭിച്ചു. പദ്ധതിയുടെ കീഴിലായി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും മറ്റും വിവിധ സൊസൈറ്റികള്‍ സ്ഥാപിച്ചു. ചിരട്ട ഉപയോഗിച്ച് മെച്ചപ്പെട്ട കരി ഉണ്ടാക്കുന്ന സംവിധാനവും ഇവിടെ നടപ്പാക്കി.
ഈ പദ്ധതി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാവുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications