മുരളീധരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കെ.പി.സി.സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ ആന്റണി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഫിബ്രവരി പതിനൊന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്ന് നാല്‍പതിനായിരുന്നു ചടങ്ങ്.
രാജ്ഭവനിലെ മിനി ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് മുരളി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന് ശേഷം മന്ത്രിസഭാ യോഗത്തിനായി മുരളിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിലേയ്ക്ക് പോയി. തുടര്‍ന്ന് നടക്കുന്ന മന്ത്രിസഭാ യോഗം മുരളി പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭാ യോഗമാവും.
ചടങ്ങില്‍ കരുണാകരന്‍, പത്മജ എന്നിവരും മുരളിയുടെ ഭാര്യയും കുട്ടികളും പങ്കെടുത്തു. കരുണാകരന്‍ ചടങ്ങില്‍ പങ്കെടുക്കാനായി രാവിലെ എറണാകുളത്ത് നിന്ന് മുംബൈ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. ഐ വിഭാഗം നേതാക്കളും എം എല്‍ എ മാരും ഐ വിരുദ്ധ നേതാക്കളും ചടങ്ങിന് എത്തിയിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുരളിയെ അനുകൂലിയ്ക്കുന്ന ഐ വിഭാഗക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് മുരളിയുടെ മന്ത്രിസഭാ പ്രവേശം നടക്കുന്നതെങ്കിലും ഐ വിഭാഗക്കാര്‍ക്ക് പൂര്‍ണമായി ഇതില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നില്ല. രണ്ട് ഐ വിഭാഗം മന്ത്രിമാരും മുരളിയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ അത്ര സന്തുഷ്ടരല്ല. പക്ഷേ അവര്‍ അത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രകടിപ്പിച്ചില്ല. തങ്ങളുടെ വകുപ്പുകള്‍ മാറുമോയെന്നതാണ് അവരെ നിരാശപ്പെടുത്തുന്ന കാര്യം.
കെ.പി.സി.സി അദ്ധ്യക്ഷനായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് മുരളി മന്ത്രിയാവുന്നത്. ഇപ്പോള്‍ അധികാരത്തിലുള്ള ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഐ വിഭാഗത്തിന് കെ.പി.സി.സി. അദ്ധ്യക്ഷ സ്ഥാനം നല്‍കണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് മുരളിയ്ക്ക് ഈ സ്ഥാനം കിട്ടിയത്. സേവാദള്‍ പ്രസിഡണ്ടായാണ് മുരളി കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയത്.












Click it and Unblock the Notifications