ബ്ലാക്ക്മെയിലിംഗ്: നടി പ്രിയങ്ക റിമാന്റില്‍
തിരുവല്ല: പണത്തിനായി നടി കാവേരിയെ ഭീഷണിപ്പെടുത്തിയ നടി പ്രിയങ്കയെ തിരുവല്ല മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പണം തട്ടാന്‍ ശ്രമിച്ചതിന് അറസ്റിലായ പ്രിയങ്കയെ സപ്തംബര്‍ 11 ബുധനാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി വിധി കേട്ട് കുഴഞ്ഞുവീണ പ്രിയങ്കയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു വാരികയില്‍ കാവേരിയെയും അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നാണ് പ്രിയങ്കയ്ക്കെതിരായ കേസ്.
വാര്‍ത്ത വരാതിരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണില്‍ വിളിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ കാര്യം തിരക്കിയപ്പോള്‍ ഭീഷണിയില്‍ കഴമ്പില്ലെന്ന് വ്യക്തമായി.
പൊലീസില്‍ കാവേരിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രിയങ്കയെ അറസ്റ് ചെയ്യുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നല്‍കാമെന്നും അഡ്വാന്‍സ് തുകയായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. പണം വാങ്ങുന്നതിനായി ചൊവാഴ്ച ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നില്‍ എത്തണമെന്നും ആവശ്യപ്പെട്ടു.
ചൊവാഴ്ച രാത്രി ഒമ്പത് മണിയോടെ പ്രിയങ്ക ഹോട്ടലിന് മുന്നിലെത്തി കാവേരിയുടെ അമ്മയില്‍ നിന്ന് പണം വാങ്ങി. പണം വാങ്ങിയ ഉടനെ മഫ്തിയില്‍ ഹോട്ടല്‍ പരിസരത്തുണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ് ചെയ്തു.












Click it and Unblock the Notifications