സ്വകാര്യ ബസ് സമരം മാറ്റി
കൊച്ചി: ഫിബ്രവരി 14 ശനിയാഴ്ച മുതല്‍ സ്വകാര്യ ബസുകാര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമരം മാറ്റിവച്ചു. വേഗതാ നിയന്ത്രണ സംവിധാനമായ സ്പീഡ് ഗവേണര്‍ എല്ലാ ബസുകളിലും ഘടിപ്പിയ്ക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ പ്രതിഷേധിച്ചായിരുന്നു സമരം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഖാലിദ് മുണ്ടപ്പള്ളിയാണ് ഇത് അറിയിച്ചതം. ദില്ലിയിലുള്ള ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സമരം മാറ്റിവച്ചത്. ഫിബ്രവരി 16 ന് ചേരുന്ന സമരസമിതി ഭാവി പരിപാടികള്‍ നിശ്ചയിയ്ക്കും.
ഫിബ്രവരി 29-നകം സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും സുപ്രീംകോടതിയില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ആര്‍.ടി.ഒ.മാര്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന്റെ പേരില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയാണ്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഈ നടപടി യുക്തിരഹിതമാണെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications