സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ മൂന്ന് ദിവസത്തെ യോഗം ഫിബ്രവരി 13 വെള്ളിയാഴ്ച എ. കെ. ജി. സെന്ററില്‍ തുടങ്ങി.
രണ്ട് ദിവസത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നത്. വ്യാഴാഴ്ചയാണ് സെക്രട്ടറിയേറ്റ് യോഗം സമാപിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടയ്ക്കുന്നത്. പാര്‍ട്ടിയിലെ പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.
ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപകനേതാവ് എം. പി. പരമേശ്വരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതു സംബന്ധിച്ച് യോഗം തീരുമാനമെടുക്കും. നാലാം ലോക സിദ്ധാന്തം അവതരിപ്പിച്ച പരമേശ്വരനോട് നേരത്തെ സിപിഎം വിശദീകരണം തേടിയിരുന്നു.
സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിന്റെ സാന്നിധ്യത്തിലാണ് സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങിയത്. ഉച്ചയോടെ സുര്‍ജിത്ത് ദില്ലിയിലേക്ക് തിരിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, പ്രകാശ് കാരാട്ട് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications