തിരഞ്ഞെടുപ്പ്: സഭകള്‍ വിലപേശല്‍ തുടങ്ങി
കൊച്ചി: ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലങ്ങളില്‍ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുഡിഎഫില്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി.
സഭകളില്‍ മിക്കതും യുഡിഎഫിന് അനുകൂലമായ നിലപാടാടാണ് എടുത്തുപോരുന്നത്. തിരഞ്ഞെടുപ്പ് ഫലത്തില്‍ തങ്ങള്‍ക്ക് ചെലുത്താനാവുന്ന സ്വാധീനം ചൂണ്ടിക്കാട്ടി യുഡിഎഫുമായി വിലപേശലുകള്‍ നടത്തുകയാണ് ചില സഭാനേതൃത്വങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്.
ഓര്‍ത്തഡോക്സ് സഭ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകളില്‍ തങ്ങള്‍ക്ക് എങ്ങനെ വിള്ളല്‍ വീഴ്ത്തനാാവുമെന്നതു സംബന്ധിച്ച് വിശദമായ കണക്കുകള്‍ നല്‍കിയിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ നിലപാട് യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നില്ലെങ്കില്‍ കോട്ടയം, മൂവാറ്റുപുഴ, മാവേലിക്കര, അടൂര്‍, കൊല്ലം, തൃശൂര്‍, ചെറിയന്‍കീഴ് എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ യുഡിഎഫിന്റെ വിജയസാധ്യതയെ തകിടംമറിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഓര്‍ത്തഡോക്സ് സഭ അവകാശപ്പെടുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഈ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കളുടെ ഒരു യോഗം വിളിച്ചുചേര്‍ക്കാനും ഓര്‍ത്തഡോക്സ് സഭ തീരുമാനിച്ചിട്ടുണ്ട്.
തങ്ങളുടെ എതിരാളികളായ യാക്കോബായ വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി തങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നവര്‍ക്ക് ഏതെങ്കിലും സീറ്റ് നല്‍കണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെടുന്നില്ല. സഭാ തര്‍ക്കം സംബന്ധിച്ച സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടാനുള്ള നീക്കങ്ങള്‍ യാക്കോബായ വിഭാഗം തുടങ്ങിക്കഴിഞ്ഞു. തങ്ങള്‍ ശുപാര്‍ശ ചെയ്ത രണ്ട് പേരുകളില്‍ ഒന്ന് പരിഗണിക്കണമെന്ന് യാക്കോബായ വിഭാഗം മുഖ്യമന്ത്രി എ. കെ. ആന്റണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ രണ്ട് ഉന്നത നേതാക്കളുടെ പേരുകളാണ് യാക്കോബായ വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്.
എറണാകുളം മണ്ഡലത്തില്‍ തങ്ങളുടെ നോമിനിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ലാറ്റിന്‍ കാതലിക് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലാറ്റിന്‍ കത്തോലിക്കനായ മന്ത്രി കെ. വി. തോമസിന്റെ ചുമലതയില്‍ നിന്നും ടൂറിസം വകുപ്പ് നീക്കിയതില്‍ അതൃപ്തരാണ് ലത്തീന്‍ കത്തോലിക്ക വിഭാഗം. തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കുന്നതിന് കേരള ലാത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍ ഫിബ്രവരി 18ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.
മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതയുള്ള കെ. സി. മാണിയ്ക്ക് പിന്തുണ നല്‍കാനും ലാറ്റിന്‍ കത്തോലിക്ക സഭ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications