ജീവനി: ടിബിജിആര്‍ഐ നടപടിക്ക്
തിരുവനന്തപുരം: തങ്ങള്‍ വികസിപ്പിച്ച ജീവനി എന്ന ആയുര്‍വേദ മരുന്നിന്റെ ട്രേഡ്മാര്‍ക്ക് യുഎസ് കമ്പനി തട്ടിയെടുത്തതിനെതിരെ നടപടിക്ക് ഒരുങ്ങുകയാണെന്ന് ട്രോപ്പിക്കല്‍ ബോട്ടാണിക്കന്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (ടിബിജിആര്‍ഐ) അധികൃതര്‍ അറിയിച്ചു.
ന്യൂയോര്‍ക്കിലെ ന്യൂട്രിസയന്‍സ് ഇന്നോവേഷന്‍ എല്‍എല്‍സി എന്ന കമ്പനിയാണ് യുഎസ് ട്രേഡ് മാര്‍ക്ക് ചട്ടങ്ങള്‍ അനുസരിച്ച് ജീവനിയില്‍ അവകാശം സ്ഥാപിച്ച് രജിസ്റര്‍ ചെയ്തത്.
കാണി ആദിവാസികളുടെ പരമ്പരാഗതമായ അറിവിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ജീവനിയ്ക്ക് ഇന്ത്യയില്‍ 1996ല്‍ ടിബിജിആര്‍ഐ പേറ്റന്റ് എടുത്തിട്ടുണ്ട്. മരുന്ന് ഉണ്ടാക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശം ഏഴ് വര്‍ഷത്തേക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിക്കാണ് ടിബിജിആര്‍ഐ നല്‍കിയത്. കരാര്‍ അനുസരിച്ച് ജീവനിയുടെ വില്പനയില്‍ നിന്നുണ്ടാവുന്ന വരുമാനത്തിന്റെ ഒരു ഭാഗം കാണി ആദിവാസികള്‍ക്ക് ലഭിക്കും.
യുഎസ് കമ്പനിയ്ക്ക് പുറമെ ആറ് കമ്പനികള്‍ കൂടിയുടെ ജീവനിയുടെ പേര് ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടതായി ടിബിജിആര്‍ഐ ഡയറക്ടര്‍ ജി. എം. നായര്‍ പറഞ്ഞു. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മരുന്ന് നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും അന്തര്‍ദേശീയ ടെണ്ടര്‍ വിളിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് പേറ്റന്റ് ലംഘനം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
നിയമവിരുദ്ധമായി ജീവനി നിര്‍മിച്ച് വില്‍ക്കുന്നതിനെതിരായ നീക്കത്തില്‍ ആദിവാസികള്‍ മുന്‍നിരയിലുണ്ടാവുമെന്ന് നായര്‍ പറഞ്ഞു.












Click it and Unblock the Notifications