വയനാട് ജില്ലയില്‍ ജലക്ഷാമം രൂക്ഷം
പുല്‍പ്പള്ളി: വയനാട് ജില്ലയിലെ മിക്ക ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായി. വേനല്‍ക്കാലം ഇനിയും മൂന്ന് മാസം കൂടി തുടരുമെന്നിരിക്കെ ജില്ലയിലെ ജലക്ഷാമം കൂടുതല്‍ രൂക്ഷമാവും.
മുല്ലന്‍കൊള്ളി പഞ്ചായത്ത്, പുല്‍പ്പള്ളി പഞ്ചായത്ത്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലെയും കോളനികളില്‍ വെള്ളത്തിന് വേണ്ടി ആളുകള്‍ കലഹിക്കുന്നത് നിത്യകാഴ്ചയായിട്ടുണ്ട്. ജലക്ഷാമം അത്രമേല്‍ രൂക്ഷമായിരിക്കുകയാണ് ഈ പ്രദേശങ്ങളില്‍.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കാലവര്‍ഷം കോരിച്ചൊരിയുമ്പോഴും വയനാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടിരുന്നു. വേനല്‍ക്കാലം തുടങ്ങിയതോടെ ജലക്ഷാമമുള്ള പ്രദേശങ്ങളിലെ മിക്ക കിണറുകളും കുളങ്ങളും വറ്റിക്കഴിഞ്ഞു.
ജലസ്രോതസുകള്‍ വറ്റിത്തുടങ്ങിയതോടെ വെള്ളം പൊതുസ്വത്താണെന്ന മട്ടിലാണ് ജനങ്ങളുടെ പെരുമാറ്റം. പാടിച്ചിറയിലെ ഒരു സ്വകാര്യഭൂമിയിലെ കുളം ജനങ്ങള്‍ കൈയേറിയ സംഭവം ഈയിടെയുണ്ടായി. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടായപ്പോള്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കുളം ഏറ്റെടുക്കുക മാത്രമേ ജില്ലാ കളക്ടര്‍ക്ക് നിര്‍വാഹമുണ്ടായുള്ളൂ. ഇതു പോലെ ജനങ്ങള്‍ക്ക് വെള്ളം വിതരണം ചെയ്യുന്നതിനം അഞ്ച് ജലസ്രോതസുകള്‍ കൂടി പ്രത്യേക അധികാരം ഉപയോഗിച്ച് കളക്ടര്‍ക്ക് ഏറ്റെടുക്കേണ്ടിവന്നു.
വെള്ളം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവരെ ഞങ്ങള്‍ ഒറ്റപ്പെടുത്തും- വരള്‍ച്ച ബാധിത കര്‍ഷക കര്‍മ സമിതി നേതാവ് എം. പി. അനിരുദ്ധന്‍ പറഞ്ഞു.
കൊലവള്ളി, പാടിച്ചിറ, പറുദീസ, പാറക്കവല, മടപ്പള്ളിക്കുന്ന്, സീതമോണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും വരള്‍ച്ച ബാധിച്ചത്. വെള്ളവുമായെത്തുന്ന ടാങ്കര്‍ ലോറികള്‍ക്കായി കാത്തുനില്‍ക്കുന്ന സ്ത്രീകളുടെ നീണ്ട ക്യൂ ഇവിടങ്ങളിലെ നിത്യകാഴ്ചയാണ്.
കബനി പുഴ പോലും വറ്റിവരണ്ട സ്ഥിതിയില്‍ വെള്ളത്തിനുള്ള ക്ഷാമം പരിഹരിക്കുക ദുഷ്കരമായി തീര്‍ന്നിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലന്‍ പറഞ്ഞു.
വെള്ളം ശേഖരിക്കുന്നതിനായി കബനി പുഴയില്‍ ചെറിയ ഡാമുകളും ബണ്ടുകളും ജനങ്ങള്‍ തന്നെ മുന്‍കൈയെടുത്ത് നിര്‍മിക്കുന്നുണ്ട്.












Click it and Unblock the Notifications