മാറാട്: മാര്‍ച്ച് അഞ്ചിന് ഹിന്ദു ഐക്യവേദി വഞ്ചനാ ദിനം ആചരിയ്ക്കും
കോഴിക്കോട്: മാറാട് സംഭവം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉറപ്പ് അഞ്ചുമാസമായിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് അഞ്ചിന് ഹിന്ദു സംഘടനകള്‍ വഞ്ചനാ ദിനം ആചരിയ്ക്കുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ജെ. ശിശുപാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതോടെ വീണ്ടും പ്രക്ഷോഭമാരംഭിക്കാനും ഹിന്ദു സംഘടനകളുടെ സംസ്ഥാനതലയോഗം തീരുമാനിച്ചിട്ടുണ്ട്.
സി ബി ഐ അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിയ്ക്കുകയാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചശേഷം സി.ബി.ഐ. അന്വേഷണക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും അതിലെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട കക്ഷികളെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല -ശിശുപാലന്‍ പറഞ്ഞു.
വഞ്ചനാ ദിന ആചരണത്തിന്റെ മുന്നോടിയായി മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചുവരെ സംഘടനകള്‍ സംസ്ഥാനമെങ്ങും ഗൃഹസമ്പര്‍ക്കം നടത്തും.
മാറാട് കൊലചെയ്യപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ലെന്ന് ശിശുപാലന്‍ പറഞ്ഞു.












Click it and Unblock the Notifications