മതമൗലികവാദം കേരളത്തില്‍ കൂടുന്നു- ഡി.ജി.പി.
കണ്ണൂര്‍: കേരളത്തില്‍ മതമൗലികവാദം കൂടിവരികയാണെന്ന് ഡി.ജി.പി. പി.കെ. ഹൊര്‍മിസ് തരകന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ മത ഭേദമില്ല. പോലീസും ഇന്റലിജന്‍സും ഇക്കാര്യം നിരീക്ഷിച്ചു വരികയാണ്. പോലീസിനെക്കൊണ്ടുമാത്രം ഇതു നിയന്ത്രിക്കാനാവില്ല. ഇക്കാര്യത്തില്‍ എല്ലാവരും മുന്‍കൈയെടുക്കണം.- ഡി.ജി.പി. പറഞ്ഞു.
കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങളില്‍നിന്ന് കുട്ടികളുടെയും യുവാക്കളുടെയും ശ്രദ്ധ നല്ലകാര്യങ്ങളിലേക്കു തിരിച്ചു വിടാന്‍ പോലീസ് പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരികയാണ്. ചെറുപ്പക്കാരുടെ ഒഴിവുസമയം വൃദ്ധരുടെ സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്തുന്ന പദ്ധതി ഡല്‍ഹി പോലീസ് നടപ്പാക്കുന്നുണ്ട്. ഇവിടെയും അതിനുള്ള ആലോചനയിലാണ്.
പോലീസിന്റെ നടപടിക്രമങ്ങളില്‍ ചില പോരായ്മകള്‍ വന്നിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അംഗീകരിക്കുന്നു. ഇതു പക്ഷേ, മുമ്പേയുള്ളതാണ്. മാറ്റേണ്ട കാര്യമാണിത്. കിള്ളി സംഭവംപോലുള്ളവ പോലീസിലെ ചില വഴിത്തെറ്റുകളാണ്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കുകയും ഉണ്ടായാല്‍ നടപടിയെടുക്കുകയും ചെയ്യും. പോലീസിനെ നിഷ്പക്ഷമാക്കുക എന്നാല്‍ കെട്ടഴിച്ചുവിടുക എന്നല്ല, അവരെ ഉത്തരവാദിത്വബോധമുള്ളവരാക്കുകയും കൂടിയാണ്. രാഷ്ട്രീയ ഇടപെടലില്‍നിന്ന് പോലീസിനെ മുക്താരാക്കുകയും വേണം.
ജനങ്ങള്‍ പൊലീസിനെ അല്ല ഭയക്കേണ്ടത്, മറിച്ച് പൊലീസ് ജനങ്ങളെയാണ് ഭയക്കേണ്ടത്. പോലീസില്‍ ഇപ്പോഴത്തെ നടപടി നിയമം മൂലമുള്ളതല്ല. ഭരണ പരിഷ്കാരം മാത്രമാണ്.മറ്റ് കാഴ്ചപ്പാടുള്ളവര്‍ അധികാരത്തില്‍ വന്നാല്‍ ഇതില്‍ മാറ്റം വന്നുവെന്നു വരും. ഈ സാഹചര്യത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കണമെന്ന ദേശീയ പോലീസ് കമ്മീഷന്‍ ശുപാര്‍ശ നിയമമാക്കണം. ഇതു നടപ്പാക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. ഡി.ജി.പി പറഞ്ഞു.












Click it and Unblock the Notifications