മുത്തങ്ങയിലേക്ക് പ്രവേശനം നിരോധിച്ചു
വയനാട്: ഫിബ്രവരി 19ന് മുത്തങ്ങ സംഭവത്തിന് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് വിനോദസഞ്ചാരികള്‍ പ്രവേശിക്കുന്നത് നിരോധിച്ചു.
ഫിബ്രവരി 16 മുതല്‍ 21 വരെ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പ്രവേശിക്കുന്നതാണ് വനം-വന്യജീവി വകുപ്പ് നിരോധിച്ചിരിക്കുന്നത്. മുത്തങ്ങ സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മുത്തങ്ങയ്ക്ക് സമീപമുള്ള ആദിവാസി കോളനികളില്‍ ആദിവാസി ഗോത്രമഹാസഭ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഫിബ്രവരിയില്‍ പൊലീസ് വെടിവയ്പ് നടന്ന സ്ഥലം പതിനഞ്ചോളം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സുല്‍ത്താന്‍ ബത്തേരിയിലും പരിസര പ്രദേശങ്ങളിലും പോസ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
മുത്തങ്ങ സംഭവത്തിന്റെ ഒന്നാം വാര്‍ഷികം ആചരിക്കാനുള്ള നീക്കത്തിലാണ് ചില ആദിവാസി സംഘടനകള്‍. അതേ സമയം ഈ ആവശ്യത്തിനായി ആരും തങ്ങളുടെ അനുമതി തേടിയിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ അത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ മുത്തങ്ങയിലെ സുരക്ഷ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications