മഴവെള്ളം ഉപയോഗിയ്ക്കുമെന്ന് കൊക്കകോള
പാലക്കാട്: ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സ്ഥിതിയ്ക്ക് പ്ലാച്ചിമടയിലുള്ള കൊക്കകോള കമ്പനി മഴക്കാലത്ത് ശേഖരിയ്ക്കുന്ന മഴവെള്ളം പാനീയ ഉല്പാദനത്തിന് ഉപയോഗിയ്ക്കും. കമ്പനി അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കുന്നത് നിയന്ത്രിയ്ക്കുന്ന സര്‍ക്കാര്‍ തീരുമാനം കൊക്ക കോള കമ്പനിയെ കാര്യമായി ബാധിയ്ക്കില്ലെന്നും കമ്പനി പറയുന്നു. ദൂരെയുള്ള പുഴയില്‍ നിന്ന് ടാങ്കറുകളില്‍ കൊണ്ടുവരുന്ന വെള്ളമാണ് കമ്പനി പ്രധാനമായും ഉപയോഗിയ്ക്കുന്നത്. അതുകൊണ്ട് കാര്യമായ പ്രശ്നം ഉണ്ടാവില്ല. ജില്ലയിലെ മറ്റ് പല കമ്പനികളും പുഴയില്‍ നിന്ന് ടാങ്കറുകളില്‍ കൊണ്ടുവരുന്ന വെള്ളം തന്നെയാണ് ഉപയോഗിയ്ക്കുന്നത്.
വരുന്ന മഴക്കാലം മുതല്‍ മഴവെള്ള ശേഖരണത്തിനുളള സംവിധാനം കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട് 40 ഏക്കര്‍ ഭൂമിയിലാണ് മഴവെള്ള ശേഖരണത്തിനായി സൗകര്യം ഉണ്ടാക്കിയിരിയ്ക്കുന്നതെന്നും കമ്പനി പറയുന്നു. ഈ സംവിധാനം കൊണ്ട് ജൂണില്‍ മഴക്കാലം തുടങ്ങിയാല്‍ ഒരു ദിവസം അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഇത് പ്രതി ദിനം കമ്പനിയ്ക്ക് ആവശ്യമുള്ളതിലും ഏറെയാണ്.
സര്‍ക്കാര്‍ പ്ലാച്ചിമടയിലുള്ള കൊക്കകോള കമ്പനിയെ മാത്രമേ ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ളു. എന്നാല്‍ പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പെപ്സി കോള കമ്പനിയെ ഇതില്‍ നിന്ന് വിലക്കിയിട്ടില്ല.












Click it and Unblock the Notifications