Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ ക്രൂരമര്‍ദനമേറ്റ മലയാളി യുവതി നാട്ടിലെത്തി

കൊച്ചി: വീട്ടുജോലിക്കായി കുവൈത്തിലെത്തി പീഡനങ്ങള്‍ക്കിരയായ മലയാളി യുവതി നാട്ടില്‍ മടങ്ങിയെത്തി.

അരൂര്‍ കൊച്ചുപുരയ്ക്കല്‍ പരേതനായ ലാസറിന്റെയും ട്രീസയുടെയും മകള്‍ ഫിലോമിനയ്ക്കാണ് ഗള്‍ഫില്‍ വച്ച് പീഡനം ഏറ്റത്. എറണാകുളത്തെ നിയമകേന്ദ്രത്തിന്റെ പരാതിയെ തുടര്‍ന്ന് എംബസി ഇടപെട്ടാണ് ഫിലോമിനയെ നാട്ടിലെത്തിച്ചത്. കുവൈറ്റിലെ മിഷറമില്‍ പോലീസുദ്യോഗസ്ഥനായ സലാമുഹമ്മദ് നാസര്‍ അബുല്‍ സലാമിന്റെ വീട്ടില്‍ 2003 ജൂണിലാണ് ഫിലോമിന ജോലിക്ക് ചെന്നത്. ഈ അറബിയും ഭാര്യയും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് ഫിലോമിന പറയുന്നു.

ജോലിക്ക് ചെന്ന് രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ത്തന്നെ പീഡനം തുടങ്ങി. മുഖത്തും ദേഹത്തുമെല്ലാം മര്‍ദ്ദനമേറ്റതിന്റെ അടയാളമുണ്ട്. നെറ്റിയില്‍ ഇരുമ്പുവടികൊണ്ട് അടിച്ചതിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. മുറിവ് ഉണങ്ങിവരുമ്പോള്‍ വീണ്ടും ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുമായിരുന്നത്രേ! നെഞ്ചില്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചുപൊള്ളിച്ചതിന്റെ അടയാളവും ഇടതുകൈയില്‍ ഹാംഗര്‍ കൊണ്ട് അടിച്ചതിന്റെ പാടും കാണാം. നാല് നിലയുള്ള വീട് തുടയ്ക്കലും, ചെറിയ കുട്ടികളെ നോക്കലും വസ്ത്രങ്ങള്‍ ഇസ്തിരിയിടലുമൊക്കെയായി തനിക്ക് വിശ്രമിക്കാന്‍ സമയം ലഭിച്ചിരുന്നില്ലെന്ന് ഫിലോമിന പറയുന്നു.

ഉറങ്ങാന്‍ ഒരു മണിക്കൂറാണത്രെ അനുവദിച്ചിരുന്നത്. വെളുപ്പിന് 5 മുതല്‍ ആറ് വരെ. കുളിക്കാന്‍ അഞ്ച് മിനുട്ടും. ഒരു മിനുട്ട് കൂടുതലെടുത്താല്‍ മര്‍ദ്ദനവും ചീത്തവിളിയും ഉണ്ടാകും.

ഒരുനേരമാണ് ഭക്ഷണം നല്‍കിയിരുന്നത്. എല്ലാം സഹിച്ച് താന്‍ ജോലി തുടര്‍ന്നത് വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താണെന്ന് ഫിലോമിന പറഞ്ഞു. ഫിലോമിനയുടെ കുടുംബം അരൂരില്‍ വാടയ്ക്കാണ് താമസിക്കുന്നത്. രോഗിണിയായ അമ്മയും ഫിലോമിനയും സഹോദരന്‍ സെബാസ്റ്യന്റെ ഒപ്പമാണ് താമസിക്കുന്നത്. ഡ്രൈവറായ സെബാസ്റ്യന്‍ 30,000 രൂപ കടം വാങ്ങിയാണ് ഫിലോമിനയെ കുവൈറ്റില്‍ അയച്ചത്.

5000 രൂപ ശമ്പളം നല്‍കാമെന്ന കരാറില്‍ മട്ടാഞ്ചേരിയിലെ ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് പോയത്. ചെന്ന ദിവസം തന്നെ അറബി പാസ്പോര്‍ട്ട് വാങ്ങിയത്രേ. ശമ്പളം വീട്ടിലേക്ക് അയക്കുമെന്നാണ് പറഞ്ഞിരുന്നത്. വീട്ടില്‍നിന്ന് സഹോദരന്‍ ഫോണ്‍ചെയ്യാറുണ്ടായിരുന്നുവെങ്കിലും തനിക്ക് നല്‍കാറില്ലായിരുന്നുവെന്ന് ഫിലോമിന പറഞ്ഞു.

ഒരിക്കല്‍ ഫോണില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോഴാണ് സെബാസ്റ്യന്‍ പീഡനത്തെക്കുറിച്ച് അറിയുന്നത്. അമ്മയ്ക്ക് സുഖമില്ല, സഹോദരിയെ മടക്കി അയയ്ക്കണം എന്ന് താന്‍ രണ്ട് ടെലഗ്രാം അയച്ചുവെന്ന് സെബാസ്റ്യന്‍ പറഞ്ഞു. പക്ഷേ അറബി അയച്ചില്ല. തുടര്‍ന്നാണ് എറണാകുളത്തെ നിയമകേന്ദ്രത്തെ സമീപിച്ചത്. നിയമകേന്ദ്രത്തില്‍ നിന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലേക്കും ഇന്ത്യയിലെ കുവൈത്ത് എംബസിയിലേക്കും പരാതി അയച്ചതിനെ തുടര്‍ന്നാണ് ഫിലോമിനയ്ക്ക് നാട്ടിലെത്താനായത്. ഞാന്‍ സത്യസന്ധമായാണ് ജോലി ചെയ്തത്. ഇന്ത്യക്കാരിയാണ് എന്നു പറഞ്ഞായിരുന്നു മര്‍ദനം മുഴുവന്‍ - ഫിലോമിന പറഞ്ഞു. രണ്ടുപ്രാവശ്യം ജനല്‍വഴി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത് വിജയിച്ചില്ലെന്നും അവര്‍ പറഞ്ഞു.

അറബി നാട്ടിലേക്ക് മടക്കി അയച്ചപ്പോള്‍ മുംബൈ വരെയുള്ള വിമാനക്കൂലി മാത്രമേ നല്‍കിയുള്ളു. നാട്ടുകാരുടെ സഹായംകൊണ്ടാണ് നാട്ടിലെത്തിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ താന്‍ ജോലിചെയ്ത ദിവസങ്ങളിലെ ശമ്പളവും യാത്രച്ചെലവുമെല്ലാം ലഭിക്കണമെന്നാണ് ഫിലോമിനയുടെ ആവശ്യം. എംബസി വഴി ഫിലോമിനയുടെ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാന്‍ നിയമകേന്ദ്രം ശ്രമിക്കും. സമ്മര്‍ദ്ദം വിജയിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നിയമകേന്ദ്രത്തിലെ അഡ്വ. കെ.എസ്. മധുസൂദനന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+