നടിയോ നടനോ ആണോ? ബിജെപിയില്‍ ചേരാം
ദില്ലി: നിങ്ങള്‍ നടിയോ നടനോ ആണോ? എങ്കില്‍ ഒരു രാജ്യസഭാ സീറ്റ് ഉറപ്പാക്കാനിതാ അനായാസ മാര്‍ഗ്ഗം. നടിയും നടനും അല്ലെങ്കില്‍ കളിക്കാരനായാലും മതി. ക്രിക്കറ്റ് കളിക്കാരനാണെങ്കില്‍ വളരെ നല്ലത്.
നടീ നടന്മാരേയും കളിക്കാരേയും തേടി നടക്കുകയാണ് ഇപ്പോള്‍ നമ്മുടെ ദേശീയ പാര്‍ട്ടിയായ ബി.ജെ.പി. അവര്‍ക്ക് രാഷ്ട്രീയ പരിചയമോ ജനങ്ങളുമായുള്ള ബന്ധമോ ഒന്നും വേണ്ട. വരുന്ന തിരഞ്ഞെടുപ്പില്‍ മുഖത്ത് ചായം തേച്ച് അണികളില്‍ ചിലര്‍ നീട്ടുന്ന ഓട്ടോഗ്രാഫുകളില്‍ ഒപ്പിട്ട് കൊടുക്കാനായി ഒരു പേനയുമായി ബിജെപി നേതാക്കളോടൊപ്പം പ്രചരണത്തിനിറങ്ങാന്‍ തയ്യാറായാല്‍ മതി.
തിരഞ്ഞെടുപ്പ് കാലമായതിന് ശേഷം ആദ്യം ബിജെപിയില്‍ ചേര്‍ന്നത് സ്മൃതി ഇറാനി ആയിരുന്നു. സ്റാര്‍ പ്ലസ് എന്ന ഹിന്ദി ചാനലിലെ പ്രശസ്ത സീരിയല്‍ ആയ ക്യോം കി സാസ് ഭി കഭി ബഹു ധി യില്‍ കൂടി പ്രശസ്തയാണ് സ്മൃതി. ബഹു (മരുമകള്‍) ആയിട്ട് തന്നെ ആണ് ആസീരിയലില്‍ സ്മൃതി അഭിനയിയ്ക്കുന്നതും. ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ വിദേശി ബഹു അധികാരത്തിലെത്തുമോ എന്നതാണ് ബിജെപിയുടെ ആശങ്ക. അതുകൊണ്ട് ആ വിദേശി ബഹുവിനെതിരെ ഒരു സ്വദേശി ബഹുവിനെ ഇറക്കുക കൂടി ആയിരുന്നു പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം.
സ്മൃതിയ്ക്ക് പിറകേ വരുന്നു ആ പഴയ വിദേശി ബഹുവിന്റെ ബന്ധുക്കളായ മനേകാ ഗാന്ധിയും വരുണ്‍ ഗാന്ധിയും. അവര്‍ ബി.ജെ.പിയില്‍ എത്തിയതിന്റെ അടുത്ത ദിവസം തന്നെ വീണ്ടും രണ്ട് പ്രശസ്തര്‍ കൂടി പാര്‍ട്ടിയിലെത്തി. സുരേഷ് ഒബ്രോയ് എന്ന ബോളിവുഡ് നടനും ഒപ്പം മുന്‍ ക്രിക്കറ്റ് താരമായ നവ്ജ്യോത് സിംഹ് സിദ്ദുവും. സുരേഷ് ഓബ്രോയ്യ്ക്ക് ഒരു വിശേഷണം കൂടി ഉണ്ട്. ഇപ്പോഴത്തെ ഒരു പ്രധാന ബോളിവുഡ് നായകനായ വിവിക് ഒബ്രോയ്യുടെ അച്ഛന്‍ എന്നതാണത്.
കഴിഞ്ഞില്ല. വീണ്ടും ഉണ്ട് അഭിനേതാക്കളുടെ പട്ടിക. ഇവരുടെ പ്രവേശത്തിന് രണ്ട് ദിവസത്തിന് ശേഷം ഫിബ്രവരി 19ന് ഇതാ മുന്‍ ബോളിവുഡ് നായിക ഹേമമാലിനിയും ബിജെപിയിലെത്തി.
ഒരു കാര്യം ഓര്‍മ്മിയ്ക്കുക. ഇക്കുറി ബി.ജെ.പി. വടക്കേ ഇന്ത്യയില്‍ പ്രചാരണം നടത്തുമ്പോള്‍ തിരഞെടുപ്പ് സമ്മേളനങ്ങള്‍ക്ക് എത്തുന്ന ആളുകളെ കണ്ട് വോട്ട് കണക്ക് കൂട്ടരുത്. അവരില്‍ ഏറെയും ഒരുപക്ഷേ ഈ താരങ്ങളെ കാണാന്‍ വരുന്നവരായിരിയ്ക്കും.
കേരളത്തിലും ബിജെപി അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications