കലാലയരാഷ്ട്രീയം നിരോധിക്കാം: കോടതി
കൊച്ചി: കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥിരാഷ്ട്രീയവും പഠിപ്പുമുടക്കും നിരോധിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു.
സര്‍ക്കാര്‍-സ്വകാര്യകോളേജുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമായ രീതിയില്‍ ഇതിനുള്ള ചട്ടങ്ങളും ക്രമീകരണങ്ങളും അടുത്ത അധ്യയനവര്‍ഷം മുതല്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനും എല്ലാ സര്‍വകലാശാലകള്‍ക്കും ഹൈക്കോടതി ഉത്തരവ് നല്‍കി. ജസ്റിസ് കെ.എസ്. രാധാകൃഷ്ണനും ജസ്റിസ് കെ. പത്മനാഭന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ബഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
വിദ്യാര്‍ഥികള്‍ക്ക് പെരുമാറ്റ ചട്ടം രൂപീകരിക്കാനും വിധിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പസ്രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞവര്‍ഷം ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് ഡിവിഷന്‍ബഞ്ച് നിരസിച്ചത്.
ക്യാമ്പസില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ടെങ്കില്‍ സര്‍വകലാശാലാ വേദികളില്‍ പരിഹാരം തേടണം. നിയമാനുസൃതമുള്ള മറ്റ് വഴികളും ആശ്രയിക്കാം.
സര്‍ക്കാരും സ്വകാര്യകോളേജ് മാനേജുമെന്റുകളും രൂപവത്കരിക്കുന്ന പെരുമാറ്റ ചട്ടം അനുസരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. പഠിപ്പുമുടക്കും പ്രകടനവും ഘെരാവോയും മറ്റും പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്ന് കോടതി വിശദീകരിച്ചു.
സുപ്രീം കോടതിയെ സമീപിക്കും-എസ്എഫ്ഐ
കലാലയ രാഷ്ട്രീയം നിരോധിച്ച വിധിക്കെതിരെ നല്‍കിയ റിവ്യൂഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്എഫ്ഐ. മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചേര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications