രാഷ്ട്രീയ മഹാസഭ ആറ് സീറ്റുകളില്‍ മത്സരിക്കും
കൊച്ചി: ആദിവാസികളുടെയും ദളിതരുടേയും രാഷ്ട്രീയ സംഘടനയായി ഈയിടെ നിലവില്‍ വന്ന രാഷ്ട്രീയ മഹാസഭ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആറ് മണ്ഡലങ്ങളില്‍ മത്സരിക്കും.
കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, മൂവാറ്റുപുഴ, കോട്ടയം, അടൂര്‍ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നതെന്ന് മഹാസഭ നേതാക്കളായ സി. കെ. ജാനുവും എം. ഗീതാനന്ദനും അറിയിച്ചു. കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പരിഗണിക്കുകയാണ്. സ്ഥാനാര്‍ഥി ലിസ്റിന് അന്തിമരൂപം നല്‍കിയിട്ടില്ല.
ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളുടെയും പിന്തുണ മഹാസഭ സ്വീകരിയ്ക്കുമെന്ന് ഗീതാനന്ദന്‍ പറഞ്ഞു. മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് ആദിവാസികളെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനാലാണ് ബിജെപിയുടെ പിന്തുണ സ്വീകരിക്കാത്തത്.
കൊടിക്കുന്നില്‍ സുരേഷ് അടൂര്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ തോല്പിക്കാനായി മഹാസഭ പ്രവര്‍ത്തിക്കും. ആദിവാസികളോട് അനുഭാവപൂര്‍ണമായ നിലപാട് കൈകൊണ്ട സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനും അടൂര്‍ മണ്ഡലത്തെ സംബന്ധിച്ച് ഒരു ധാരണയിലെത്താനും മഹാസഭ ഒരുക്കമാണ്.
പുതുതായി രൂപീകരിച്ച ആദിവാസി മഹാസഭയുടെ സംസ്ഥാന കൗണ്‍സില്‍ പാര്‍ട്ടിയുടെ പ്രസിഡന്റായി സി. കെ. ജാനുവിനെ തിരഞ്ഞെടുത്തു. മഹാസഭയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 12, 13, 14 തീയതികളില്‍ അടൂരില്‍ നടക്കും.












Click it and Unblock the Notifications