നജ്മ, ആരിഫ്...ബിജെപിയ്ക്ക് നേട്ടം
ദില്ലി: പൊതുതിരഞ്ഞെടുപ്പിന് മുന്‍പേ ശത്രുപക്ഷത്തുനിന്നുള്ള പ്രമുഖരെ പലരെയും ചാക്കിടുന്ന കാര്യത്തില്‍ ബിജെപി ഏറെ മുന്നിലാണ്. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് വന്‍തോക്കുകളെയാണ് ബിജെപി സ്വന്തം ക്യാമ്പിലെത്തിയ്ക്കാന്‍ പോകുന്നത്.
ഇതില്‍ ഒന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷയുമായ നജ്മ ഹെപ്ത്തുള്ളയാണ്. സോണിയയ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് നജ്മ ഹെപ്ത്തുള്ള ഉയര്‍ത്തുന്നതെന്നതിനാല്‍ അവര്‍ ബിജെപിയില്‍ ചേരുമെന്നാണ് കരുതുന്നത്. തന്നെ അപമാനിച്ചുവെന്നതാണ് നജ്മ ഹെപ്ത്തുള്ള കഴിഞ്ഞ ദിവസം സോണിയയ്ക്കെതിരെ ആരോപിച്ച കുറ്റം. വാജ്പേയിയെ കണക്കററ് നജ്മ ഹെപ്ത്തുള്ള പുകഴ്ത്തുന്നുമുണ്ട്. വാജ്പേയി നല്ല മനുഷ്യനാണെന്നും രാജ്യത്തെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിയ്ക്കുന്ന വ്യക്തിയാണെന്നുമാണ് നജ്മയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് വാജ്പേയിയ്ക്ക് ലഭിയ്ക്കുന്ന ആരാധനയോ സ്നേഹബഹുമാനങ്ങളോ ലഭിയ്ക്കുന്നില്ലെന്നും നജ്മ ഹെപ്ത്തുള്ള കുറ്റപ്പെടുത്തിക്കഴിഞ്ഞു.
നെഹ്റു, ആസാദ്, പട്ടേല്‍, ഗാന്ധി എന്നിവരുടെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ച ഒന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വം. അന്താരാഷ്ട്ര പാര്‍ലമെന്റേറിയന്‍ യൂണിയന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സോണിയാ ഗാന്ധി തന്നെ ഫോണില്‍ ബന്ധപ്പെടുക കൂടി ചെയ്തില്ലെന്നും ഇത്രയും കാലം താന്‍ സോണിയയാല്‍ അപമാനിയ്ക്കപ്പെടുകയായിരുന്നുവെന്നും നജ്മ ഹെപ്ത്തുള്ള പറയുന്നു. താന്‍ രാജ്യസഭാ സീറ്റിനു വേണ്ടിയോ മറ്റ് സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയോ അല്ല ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും തന്റെ ആത്മാഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിയ്ക്കാനാണ് ഇത് ചെയ്യുന്നതെന്നും നജ്മ തുറന്നടിയ്ക്കുന്നു. ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് നജ്മ ഹെപ്ത്തുള്ള വ്യക്തമായ മറുപടി പറയുന്നില്ല. പക്ഷെ അവരുടെ നിലപാടുകള്‍ ചൂണ്ടിക്കാട്ടുന്നത് ബിജെപിയില്‍ ചേരാനുള്ള സാധ്യതയാണ്.
കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ്ഖാന്‍ ഒരു കാലത്ത് കോണ്‍ഗ്രസില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസുമായി ഇടഞ്ഞുകഴിയുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ്സിംഗിന്റെ അനുജനുമായ ലക്ഷ്മണ്‍ സിംഗാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന മറ്റൊരു പ്രമുഖന്‍.












Click it and Unblock the Notifications