കരുണാകരന്‍ ഇടഞ്ഞു
തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ ആന്റണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രമേയത്തെ കരുണാകരന്‍ ശക്തമായി എതിര്‍ത്തു. ഇതോടെ രാഷ്ട്രീയപ്രമേയം വെറും പ്രസ്താവനമാത്രമാക്കി ചുരുക്കാന്‍ യോഗം നിര്‍ബന്ധിതമായി.
കെപിസിസി യോഗത്തില്‍ തലേക്കുന്നില്‍ ബഷീര്‍ ആണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. ആന്റണി സര്‍ക്കാരിന്റെ ഭരണനേട്ടത്തെ പ്രമേയത്തില്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുനില്ക്കെ ഇങ്ങിനെയൊരു പ്രമേയത്തെ യോഗത്തില്‍ ആരും എതിര്‍ക്കുമെന്ന് കരുതിയില്ല. പ്രമേയം ഏകകണ്ഠമായി പാസാക്കാമല്ലോ എന്ന് കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍ ചോദിച്ചപ്പോള്‍ കെ. കരുണാകരന്‍ അതിനെ എതിര്‍ക്കുകയായിരുന്നു.
രാഷ്ട്രീയപ്രമേയമാണെങ്കില്‍ അതിന്മേല്‍ ചര്‍ച്ച വേണമെന്നും വെറും പ്രസ്താവന മാത്രമായി കണക്കാക്കുകയാണെങ്കില്‍ തനിയ്ക്ക് വിയോജിപ്പില്ലെന്നും കരുണാകരന്‍ പറഞ്ഞു. കരുണാകരന്റെ അഭിപ്രായപ്രകടനത്തെ ആരും ചോദ്യം ചെയ്തില്ല. തുടര്‍ന്ന് രാഷ്ട്രീയപ്രമേയം വെറും പ്രസ്താവന എന്ന നിലയ്ക്ക് പാസാക്കുകയായിരുന്നു.
നേരത്തെ യോഗത്തില്‍ കരുണാകരനെ പ്രസംഗിയ്ക്കാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം തങ്കച്ചന്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നു എന്ന് പറഞ്ഞശേഷം ഇരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications