സുധീരന്‍ ഇക്കുറിയും മത്സരിച്ചേക്കും
കൊച്ചി: ആരോഗ്യപരമായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും വി.എം. സുധീരനെ വീണ്ടും ആലപ്പുഴയില്‍ മത്സരിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദം തുടരുന്നു.
ആലപ്പുഴയില്‍ യുഡിഎഫിന്റെ വിജയം ഉറപ്പിക്കാന്‍ സുധീരന്‍ വീണ്ടും മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനും അഭിപ്രായമുണ്ടെന്നാണ് അറിയുന്നത്.
ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട മനോജ് കുരിശിങ്കലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിന് കരുത്തനായ സ്ഥാനാര്‍ഥി തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. സുധീരനേക്കാള്‍ കരുത്തനായ സ്ഥാനാര്‍ഥിയെ ആലപ്പുഴയില്‍ കോണ്‍ഗ്രസിന് കിട്ടാനില്ല. മാത്രവുമല്ല ആലപ്പുഴയില്‍ സുധീരനെ നിര്‍ത്തിയാല്‍ സീറ്റിന്റെ പേരിലുള്ള കോണ്‍ഗ്രസിലെ വടംവലി ഒഴിവാക്കുകയും ചെയ്യാം.
കഴിഞ്ഞ തവണയും തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ സുധീരന്‍ മടി കാണിച്ചിരുന്നു. മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുധീരന്‍ സ്ഥാനാര്‍ഥിയായി നിന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സുജാതയ്ക്ക് വേണ്ടി വി. എസ്. അച്യുതാനന്ദന്‍ പ്രചാരണവേളയില്‍ ഏതാണ്ട് മുഴുവന്‍ സമയവും മണ്ഡലത്തില്‍ സന്നിഹിതനായിട്ടും സുധീരനെ മുട്ടുകുത്തിക്കാനായില്ല. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലും അന്ന് സുധീരനെ തോല്പിക്കാന്‍ രഹസ്യശ്രമം നടന്നിരുന്നതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍ സുധീരന്‍ ജയിച്ചുകയറി.
ഇത്തവണയും സുധീരന്‍ മത്സരിച്ചേക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിപിഎം ലത്തീന്‍ കത്തോലിക്കനായ പുതുമുഖത്തെ ആലപ്പുഴയിലെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിനെതിരെ സുധീരന്റെ നേതൃത്വത്തില്‍ നടന്ന ധീരമായ ചെറുത്തുനില്പ് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരിയ്ക്കുകയുമാണ്.
കോണ്‍ഗ്രസ് ഹൈക്കമാന്റ് സമ്മര്‍ദം ചെലുത്തിയാല്‍ സുധീരന് തിരഞ്ഞെടുപ്പ് രംഗം വിടാനുള്ള തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാവില്ല. സുധീരന്‍ മത്സരിക്കുകയാണെങ്കില്‍ വീറുറ്റ പോരാട്ടമായിരിക്കും ആലപ്പുഴയില്‍ നടക്കുക.












Click it and Unblock the Notifications