സീറോ മലബാര്‍ സഭ സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചു
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഒരു വിഭാഗമായ അഖില കേരള കതോലിക് കോണ്‍ഗ്രസ് രാഷ്ട്രീയ സാമൂഹിക സമിതി മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് പേരുകള്‍ നിര്‍ദേശിച്ചു.
പേരുകള്‍ നിര്‍ദേശിച്ചുകൊണ്ട് സമിതി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തയച്ചു. തൃശൂര്‍, മുകുന്ദപുരം, എറണാകുളം മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിന് ചില പേരുകള്‍ സമിതി നിര്‍ദേശിച്ചിരിക്കുന്നത്.
കത്തിന്റെ കോപ്പി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചനും മുഖ്യമന്ത്രി എ. കെ. ആന്റണിക്കും കെ. കരുണാകരനും അയച്ചിട്ടുണ്ട്.
മുകുന്ദപുരം മണ്ഡലത്തിലേക്ക് ഇറ്റലിയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ കെ. പി. ഫാബിയന്റെയും തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിന്‍സെന്റ് കാട്ടൂക്കാരന്റെയും പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. എറണാകുളം മണ്ഡലത്തില്‍ മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ എം. വി. പൈലിയുടെയും ആന്റണി ചെറിയാന്‍ നെല്‍പത്താംകളത്തിന്റെയും പേരുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ എ. സി. ജോസിന്റെ പേരാണ് നിര്‍ദേശിച്ചത്.
സീറോ മലബാര്‍ സഭയുടെ അനുവാദത്തോടെയാണ് സമിതി പേരുകള്‍ നിര്‍ദേശിച്ചതെന്ന് സമിതി ചെയര്‍മാന്‍ ഡേവിസ് തോമസ് അമ്പാട്ട് പറഞ്ഞു. ഈ മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സ്ഥിരമായി വോട്ട് ചെയ്യുന്ന തങ്ങളുടെ വിഭാഗം വളരെ പ്രബലമാണെന്ന് സോണിയക്ക് അയച്ച കത്തില്‍ പറഞ്ഞു.












Click it and Unblock the Notifications