സീറ്റ്: യുഡിഎഫ് തീരുമാനം ഫിബ്രവരി 28ന്
തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനത്തെ ചൊല്ലി ഘടക കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു.
ഫിബ്രവരി 28ന് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമാവുമെന്ന് യോഗത്തിന് ശേഷം യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. സീറ്റിന് വേണ്ടി കേരള കോണ്‍ഗ്രസ് ബിയും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും ആര്‍എസ്പിയും സിഎംപിയും അവകാശവാദം ഉന്നയിച്ചതോടെയാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താനാവാതെ പോയത്.
രാജ്യസഭയില്‍ ഒഴിവു വരുന്ന ഒരു സീറ്റ് വീതം കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ 17 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഘടക കക്ഷികള്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. മൂവാറ്റുപുഴ സീറ്റ് ജേക്കബ് ഗ്രൂപ്പും അടൂര്‍ സീറ്റ് പിള്ള ഗ്രൂപ്പും ചോദിച്ചു. ആലപ്പുഴയില്‍ ജെഎസ്എസ്എസും കൊല്ലത്ത് ആര്‍എസ്പി (ബി)യും അവകാശവാദം ഉന്നയിച്ചു. കണ്ണൂരോ കാസര്‍കോടോ വേണമെന്നായിരുന്നു സിഎംപിയുടെ ആവശ്യം.
പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഘടകക്ഷികള്‍ അറിയിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 28ന് മുമ്പ് ഘടക കക്ഷികള്‍ തീരുമാനം അറിയിക്കണമെന്ന് ധാരണയായിട്ടുണ്ട്.












Click it and Unblock the Notifications