നടി സൗന്ദര്യ മത്സരിച്ചേക്കും
തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തതാരം സൗന്ദര്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ആന്ധ്രാപ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സൗന്ദര്യ ഒരുങ്ങുന്നത്.
എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ള സൗന്ദര്യയ്ക്ക് തെലുങ്കിലാണ് ഏറ്റവും ജനപ്രീതിയുള്ളത്. തെലുങ്കിലെ മുന്‍നിര നായികയായ സൗന്ദര്യ തെലുങ്ക് സിനിമാപ്രേക്ഷകരുടെ ഹരമാണ്. സൗന്ദര്യയുടെ ഈ ജനപ്രീതി മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഏത് സീറ്റില്‍ സൗന്ദര്യ മത്സരിച്ചാലും ജയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
സൗന്ദര്യയെ തെലുങ്കുദേശം സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമുണ്ടായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സൗന്ദര്യയ്ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നതുമാണ്. ഇതിനിടെയാണ് ബിജെപി സൗന്ദര്യയെ തേടിയെത്തുന്നത്.
മത്സരിക്കുന്നതു സംബന്ധിച്ച് എല്‍. കെ. അദ്വാനി സൗന്ദര്യയോട് ടെലഫോണില്‍ സംസാരിച്ചുവെന്നാണ് അറിയുന്നത്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ഏതെങ്കിലും സിറ്റിംഗ് സീറ്റില്‍ മത്സരിക്കണമെന്നാണ് ബിജെപി സൗന്ദര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സൗന്ദര്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മലയാളത്തില്‍ അഭിനയിക്കാമെന്നേറ്റിരുന്ന ചിത്രങ്ങളില്‍ നിന്ന് സൗന്ദര്യ പിന്മാറിയത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാലാണ്.