നായനാര്‍ക്കെതിരായ കുട്ടപ്പന്റെ ഹര്‍ജി തള്ളി
ദില്ലി: ഹരിജന്‍ എന്ന് വിളിച്ചതിലൂടെ തന്നെ അപമാനിച്ചുവെന്ന് ആരോപിക്കുന്ന കേസില്‍ എം. എ. കുട്ടപ്പന്‍ മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാര്‍ക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.
ഇതുസംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി ശരിവച്ചു. പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ക്കെതിരായ നിരോധനം) നിയമവും പൗരാവകാശ നിയമവും നായനാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കുട്ടപ്പന്‍ ഹര്‍ജി നല്‍കിയത്.
നായനാര്‍ക്കെതിരെ തലശേരിയിലെ പ്രത്യേക ജഡ്ജിക്ക് മുന്നില്‍ ഹര്‍ജി നല്‍കിയ നടപടി അസാധുവാണെന്ന് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുട്ടപ്പന്റെ ഹര്‍ജിയിന്മേല്‍ പ്രത്യേക ജഡ്ജി നടപടികളുമായി മുന്നോട്ടുപോവുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിവച്ച ബെഞ്ച് സാധാരണ ജഡ്ജിക്ക് മുന്നില്‍ കുട്ടപ്പന് പരാതി നല്‍കാമെന്നും വ്യക്തമാക്കി.
പരാതി നേരിട്ട് പരിശോധിക്കുന്നതിന് പ്രത്യേക ജഡ്ജിക്ക് അധികാരമില്ലെന്നും സാധാരണ കോടതി വിചാരണ നടത്താനായി ആവശ്യപ്പെടാതെ പ്രത്യേക കോടതിക്ക് കേസിന്മേല്‍ നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
അതേ സമയം തൊട്ടുകൂടായ്മയുടെ പേരില്‍ കുട്ടപ്പനെ അപമാനിക്കന്‍ വേണ്ടിയാണെന്ന് ഹരിജന്‍ എന്ന പ്രയോഗം നായനാര്‍ നടത്തിയതെന്ന് കരുതാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications