യുവാവ് ബസില്‍ നിന്ന് ചാടി മരിച്ചു
കൊയിലാണ്ടി: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന യുവാവ് യാത്രാമധ്യേ ബസ്സില്‍ നിന്ന് ചാടി മരിച്ചു. തൃശൂര്‍ പാളയംപറമ്പില്‍ മടപ്പള്ളി വീട്ടില്‍ കുഞ്ഞുവറീത് എന്ന വില്‍സണ്‍(38) ആണ് മരിച്ചത്.
റിയാദില്‍ നിന്നും മുംബൈയിലെത്തിയ ഇദ്ദേഹം അവിടെനിന്ന് ബസ്സില്‍ തൃശൂരിലേക്ക് വരികയായിരുന്നു. അതിനിടയില്‍ കൊയിലാണ്ടി താലൂക്കിലെ മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചാണ് ബസ്സിന്റെ ചില്ലുകള്‍ തകര്‍ത്ത് യുവാവ് ചാടിയത്. തല്‍ക്ഷണം മരിയ്ക്കുകയും ചെയ്തു.
റിയാദില്‍ നിന്നുള്ള യാത്രയ്ക്കിടയില്‍ വില്‍സന്റെ പണം നഷ്ടപ്പെട്ടതായി പറയുന്നു. ബസ് യാത്രയിലുടനീളം യുവാവ് അസ്വസ്ഥനായിരുന്നു. തന്റെ പണം എവിടെപ്പോയെന്ന് പലരോടും വില്‍സണ്‍ തിരക്കുന്നുണ്ടായിരുന്നു.
വില്‍സന്റെ പെട്ടിയില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ്, വസ്ത്രങ്ങള്‍, വിസയുടെ കോപ്പി, ജിദ്ദയില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കോപ്പി, ഇന്‍ഷൂറന്‍സ് കാര്‍ഡ്, കുടുംബ ആല്‍ബം, ഭാര്യ അയച്ച കത്ത് എന്നിവ കണ്ടെടുത്തു.
മിനിയാണ് ഭാര്യ. ശാലു, ശില്പ എന്നിവര്‍ മക്കളാണ്.