മൂവാറ്റുപുഴയില്‍ ജോസ് കെ. മാണി
കോട്ടയം: മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റും മന്ത്രി കെ. എം. മാണിയുടെ മകനുമായ ജോസ് കെ. മാണി മത്സരിക്കും.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സി. എഫ്. തോമസാണ് ഇക്കാര്യം അറിയിച്ചത്. മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സി. എഫ്. തോമസ് പറഞ്ഞു.
മന്ത്രി ടി. എം. ജേക്കബുമായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്) മൂവാറ്റുപുഴ സീറ്റിലുള്ള അവകാശവാദം പിന്‍വലിക്കാന്‍ തയ്യാറായത്. മൂവാറ്റുപുഴ സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെയും സ്ഥാനാര്‍ഥികളെയാണ് ഇതുവരെയായി യുഡിഎഫ് പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 17 സീറ്റില്‍ സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന് മാര്‍ച്ച് ഒന്നിന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications