ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി
തിരുവനന്തപുരം: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വൈദ്യുതി മന്ത്രി കെ. മുരളീധരനെതിരെ ബിജെപി സ്ഥാനാര്‍ഥിയായി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മത്സരിക്കും.
ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമായത്. തീരുമാനമാവാത്ത എഴ് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് മാര്‍ച്ച് ഏഴിനുള്ളില്‍ അന്തിമതീരുമാനമുണ്ടാവും.
കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ മാവേലിക്കരയിലും മത്സരിക്കും. മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ഐഎഫ്ഡിപി നേതാവും കേന്ദ്രമന്ത്രിയുമായ പി. സി. തോമസ് മത്സരിക്കുന്നത്.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍: കണ്ണൂര്‍- ഒ. കെ. വാസു, കോഴിക്കോട്- എം. ടി. രമേഷ്, മഞ്ചേരി- ഉമ ഉണ്ണി, പൊന്നാനി- അരവിന്ദാക്ഷന്‍, ഒറ്റപ്പാലം- പി. കെ. വേലായുധന്‍, പാലക്കാട്- ഉദയഭാസ്കര്‍, തൃശൂര്‍- പി. എസ്. ശ്രീരാമന്‍, മുകുന്ദപുരം- മാത്യു പൈലി, കോട്ടയം- രാധാകൃഷ്ണ മേനോന്‍, അടൂര്‍- പി. എം. വേലായുധന്‍.
സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിക്കും.












Click it and Unblock the Notifications