ബിജെപി 272 സീറ്റുകള്‍ നേടും: വെങ്കയ്യ
ഭോപാല്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 272 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നും ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനെത്തിയ വെങ്കയ്യ നായിഡു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തായിരുന്ന 112 സീറ്റുകള്‍ ഇക്കുറി നേടാനാവുമെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ബിജെപിക്ക് അനുകൂലമാണ്. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമായ തരംഗമാണുള്ളത്. കര്‍ണാടകത്തില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ നിലനില്പ് തന്നെ സംശയത്തിലാവും. രൂക്ഷമായ പ്രതിസന്ധിയായിരിക്കും ആ പാര്‍ട്ടി തിരഞ്ഞെടുപ്പിന് ശേഷം നേരിടുന്നത്. കോണ്‍ഗ്രസ് ഒരു മുങ്ങുന്ന കപ്പലാണ്. ഗാന്ധി-നെഹ്റു കുടുംബങ്ങളിലെ അംഗങ്ങള്‍ മാത്രമല്ല പരമ്പരാഗത കോണ്‍ഗ്രസ് നേതാക്കള്‍ പോലും ബിജെപിയോട് അടുക്കുകയാണ് ചെയ്യുന്നത്- വെങ്കയ്യ ചൂണ്ടിക്കാട്ടി.