കാക്കനാട്ട് പുതിയ സബ്ജയില്‍
കൊച്ചി: കാക്കനാട്ട് പുതിയ സബ് ജയില്‍ നിര്‍മിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചു. എറണാകുളം സബ് ജയിലിലും ആലുവ സബ് ജയിലിലും വിചാരണ തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം പരിമിതമായതിനാലാണ് പുതിയ സബ് ജയില്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
100 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സബ് ജയിലായിരിക്കും കാക്കനാട്ട് നിര്‍മിക്കുന്നത്. ഒന്നര കോടിയാണ് സബ് ജയില്‍ നിര്‍മാണത്തിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും താമസിയാതെ ടെണ്ടറുകള്‍ വിളിക്കുമെന്നും ജയില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.
കാക്കനാട്ടെ ബോസ്റല്‍ സ്കൂളിന് സമീപമായിട്ടായിരിക്കും പുതിയ സബ് ജയില്‍ പണിയുന്നത്. ബോസ്റല്‍ സ്കൂളില്‍ അന്തേവാസികള്‍ ആരുമില്ലാത്തതിനാല്‍ അത് സബ്ജയിലാക്കി മാറ്റാനാണ് ആദ്യം ജയില്‍ വകുപ്പ് അധികൃതര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ബോസ്റല്‍ സ്കൂള്‍ ഇപ്പോഴത്തെ നിലയില്‍ തന്നെ നിലനിര്‍ത്തണമെന്ന സര്‍ക്കാരിന്റെ നിലപാട് മൂലം പുതിയ സബ് ജയില്‍ പണിയാന്‍ തീരുമാനിക്കുകയായിരുന്നു.
പുതിയ സബ് ജയിലില്‍ വിചാരണ നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോവുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഒഴിവാക്കാനാവുമെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.
72 തടവുകാരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള എറണാകുളം സബ്ജയിലിലും 68 തടവുകാരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള ആലുവ സബ്ജയിലിലും അതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയിലുകളിലെ ഈ പരിമതി സൗകര്യം പരിഗണിച്ചാണ് പുതിയ സബ് ജയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications