ആറ്റുകാല്‍ പൊങ്കാല ശനിയാഴ്ച
തിരുവനന്തപുരം: സര്‍വമംഗളദായിനിയായ ആറ്റുകാല്‍ അമ്മയുടെ പ്രീതി തേടി ലക്ഷക്കണക്കിന് സ്ത്രീകള്‍ മാര്‍ച്ച് ആറ് ശനിയാഴ്ച പൊങ്കാലയിടും. വ്രതശുദ്ധിയോടെ ഇഷ്ടവരദായിനിയായ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ലക്ഷങ്ങള്‍ ക്ഷേത്രത്തിലേക്കൊഴുകിത്തുടങ്ങി. ക്ഷേത്രപരിസരത്ത് തന്നെ അടുപ്പുകൂട്ടാന്‍ സ്ഥലം പിടിയ്ക്കാന്‍ കഴിഞ്ഞ ദിവസം മുതലേ സ്ത്രീകള്‍ എത്തിത്തുടങ്ങി.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളില്‍ നിന്നുമുള്ള സ്ത്രീകള്‍ പൊങ്കാലയര്‍പ്പിയ്ക്കാനെത്തും. ശനിയാഴ്ച രാവിലെ 10.50ന് ആറ്റുകാല്‍ ദേവിയുടെ മുന്നിലെ വിളക്കില്‍ നിന്നുള്ള തീ തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിലേക്ക് മേല്‍ശാന്തി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും. ഇതോടെ പൊങ്കാലയടുപ്പുമായി പുറത്ത് കാത്ത് നില്ക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ അടുപ്പുകളില്‍ തീപകരും. വൈകുന്നേരം നാലുമണിയോടെ ചടങ്ങ് അവസാനിയ്ക്കും.
ഇക്കുറി കൂടുതല്‍ പേര്‍ക്ക് ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയര്‍പ്പിക്കാനായി ക്ഷേത്രത്തിന് നേരെ എതിര്‍വശത്തായി അഞ്ചേക്കര്‍ സ്ഥലം നികത്തിയെടുത്തിട്ടുണ്ട്. ഇവിടെ ഏകദേശം 60,000 പേര്‍ക്ക് പൊങ്കാലയിടനാവും. ക്ഷേത്രത്തിനടുത്ത് വേറെ ഒരു ഒന്നരയേക്കര്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications