ബിജെപി നേതാക്കളുടെ യോഗം നടന്നു
ദില്ലി: ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി നയിക്കുന്ന ഭാരത് ഉദയ് യാത്ര തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ യോഗം മാര്‍ച്ച് ആറ് ശനിയാഴ്ച പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ വീട്ടില്‍ നടന്നു.
വാജ്പേയിയെ കൂടാതെ എല്‍. കെ. അദ്വാനി, ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ജസ്വന്ത്സിംഗ്, അരുണ്‍ ജെറ്റ്ലി, ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന് എന്നീ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഉത്തര്‍പ്രദേശ്, അസം, ജാര്‍ഖണ്ഡ്, കര്‍ണാടകം, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ സംബന്ധിച്ച പാര്‍ട്ടിയുടെ വിലയിരുത്തലിനെ കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് അറിയുന്നു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന് പാര്‍ട്ടി ചില സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി. ഈ പഠനം അനുസരിച്ച് ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. വിജയ സാദ്ധ്യത ഈ സംസ്ഥാനത്ത് വളരെ കുറവാണെന്നാണ് പാര്‍ട്ടി കരുതുന്നത്. അധികാരത്തില്‍ എത്തണമെങ്കില്‍ ഈ സംസ്ഥാനത്തില്‍ മാത്രം ഇപ്പോഴത്തെ കണക്കിനേക്കാള്‍ 20 സീറ്റുകളില്‍ കൂടി വിജയിയ്ക്കേണ്ടതുണ്ട്. ഇത് പാര്‍ട്ടിയുടെ മുന്നില്‍ ഒരു കീറാമുട്ടിയായി നിലകൊള്ളുകയാണ്.
ആര് എസ് എസ്സുമായി ചില കാര്യങ്ങളില്‍ നീക്ക് പോക്കുണ്ടാക്കാന്‍ പാര്‍ട്ടി ഇപ്പോള്‍ തയ്യാറാവുന്നതിന്റെ പിന്നില്‍ ഇത്തരം കണ്ടെത്തലുകളാണ് കാരണമെന്നാണ് കരുതുന്നത്.