കരുണാകരന്റെ താത്പര്യം പരിഗണിക്കും: ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ. കരുണാകരന്റെ താത്പര്യം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുകയെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഫിബ്രവരി ഏഴ് ഞായറാഴ്ച ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോള്‍ വിവിധ താത്പര്യങ്ങള്‍ക്ക് പരിഗണന നല്‍കും. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം ആ വ്യക്തിയുടെ ജയിക്കാനുള്ള സാധ്യതയായിരിക്കും. ഏതായാലും തിരഞ്ഞെടുപ്പില്‍ ഇത്തവണ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് റിബല്‍ സ്ഥാനാര്‍ഥികളുണ്ടാവില്ല.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. തര്‍ക്കങ്ങള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. എല്ലാ പ്രശ്നങ്ങളും ഒടുവില്‍ പരിഹരിക്കപ്പെടും.
ഒന്നിച്ചുനിന്നാല്‍ സമ്പൂര്‍ണവിജയം നേടാമെന്ന് ഓരോ കോണ്‍ഗ്രസുകാരനും മനസിലാക്കിയിട്ടുണ്ട്. തമ്മിലടിച്ചു നിന്നാല്‍ പരാജയമായിരിക്കും ഫലമെന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോള്‍ ഐക്യത്തിന്റെ പാതയിലാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഒരു വിഷയമായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി രാജ്യത്തെ എല്ലാ പ്രശ്നങ്ങളും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വരുമെന്ന് ആന്റണി പറഞ്ഞു.
വരള്‍ച്ച ദുരിതാശ്വാസം അനുവദിക്കുമ്പോള്‍ കേന്ദ്രം കേരളത്തിന്റെ താത്പര്യങ്ങള്‍ പരിഗണിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications