അദ്വാനിയ്ക്ക് കേരളാ ഹൗസ് വേദി നല്‍കില്ല
തിരുവനന്തപുരം: കന്യാകുമാരിയില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിക്ക് പ്രസംഗിക്കുന്നതിന് വേദിയൊരുക്കാന്‍ കേരള ഹൗസിന്റെ മുന്‍വശത്തെ വിശാലമായ സ്ഥലം വിട്ടുകൊടുക്കണമെന്ന ബി.ജെ.പി. തമിഴ്നാട് ഘടകത്തിന്റെ ആവശ്യം കേരള സര്‍ക്കാര്‍ തള്ളി.
ദേശീയ റോഡ് വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 2004 ഫിബ്രവരി രണ്ടിന് പ്രധാനമന്ത്രി എ.ബി.വാജ്പേയി നിര്‍വഹിച്ചത് ഇതേ സ്ഥലത്ത് വച്ചായിരുന്നു. കന്യാകുമാരിയിലെ പ്രധാനപ്പെട്ട ഒരു വെളിംപ്രദേശം കേരളാ ഹൗസ് വളപ്പാണ്. അതാണ് അന്ന് ഈ സ്ഥലം പ്രധാനമന്ത്രിയുടെ ചടങ്ങിനായി ഉപയോഗിയ്ക്കാന്‍ കാരണം. പക്ഷേ അത് സര്‍ക്കാര്‍ പരിപാടി ആയിരുന്നു. ഇപ്പോള്‍ നടക്കുന്നത് ബി.ജെ.പി.യുടെ പരിപാടി ആണെന്നതാണ് അനുമതി നിഷേധിയ്ക്കാന്‍ കാരണം.
2004 മാര്‍ച്ച് 10ന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങുന്ന ഭാരത് ഉദയ്യാത്രയ്ക്ക് കന്യാകുമാരിയില്‍ പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ബി.ജെ.പി. കേരള സര്‍ക്കാരിന്റെ കൈവശമുള്ള കേരള ഹൗസിന്റെ മുറ്റം ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ ഗസ്റ് ഹൗസിന്റെ സ്ഥലം പാര്‍ട്ടിപരിപാടിക്ക് വിട്ടുകൊടുക്കുന്നത് തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേരള സര്‍ക്കാര്‍ ബി.ജെ.പി. തമിഴ്നാട് ഘടകത്തിന് മറുപടി നല്കിയത്.
പ്രധാനമന്ത്രിയുടെ ചടങ്ങ് ഈ സ്ഥലത്ത് നടത്തിയത് കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബി.ജെ.പി. അപേക്ഷ നല്കിയത്. അപേക്ഷ കിട്ടിയതിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം തീരുമാനത്തിലെത്തി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെയും ബി.ജെ.പി.യുടെ പാര്‍ട്ടി പരിപാടിയെയും വേറിട്ടുതന്നെ കാണണമെന്ന നിലപാടും സര്‍ക്കാര്‍ കൈക്കൊണ്ടു.
കേരളഹൗസ്, അദ്വാനി നയിക്കുന്ന യാത്രയ്ക്കായുള്ള സമ്മേളനത്തിന് വിട്ടുകൊടുത്താല്‍ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രതിപക്ഷം ഇത് ആയുധമാക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.












Click it and Unblock the Notifications