എല്‍ടിടിഇ വിമതനേതാവിനെ പുറത്താക്കി
കൊളംബോ: എല്‍ടിടിഇ മേധാവി വേലുപ്പിള്ള പ്രഭാകരനെതിരെ കലാപമുയര്‍ത്തിയ കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ കേണല്‍ കരുണ എന്ന വിനായക മൂര്‍ത്തി മുരളീധരനെ സംഘടനയില്‍നിന്ന് പുറത്താക്കി.
നോര്‍വെയുടെ മധ്യസ്ഥതയില്‍ ശ്രീലങ്കയില്‍ നടക്കുന്ന സമാധാന ശ്രമങ്ങളെച്ചൊല്ലി എല്‍.ടി.ടി.ഇ. പിളര്‍പ്പിലേക്ക് നീങ്ങാനുള്ള സാധ്യത ഇതോടെ തെളിഞ്ഞു.
വടക്കന്‍ ശ്രീലങ്കയിലെ കിള്ളിനോച്ചിയില്‍ തമിഴ് പുലികളുടെ ആസ്ഥാനത്ത് മാര്‍ച്ച് ആറ് ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് എല്‍.ടി.ടി.ഇ. രാഷ്ട്രീയ വിഭാഗം മേധാവി എസ്.പി. തമിഴ്ശെല്‍വന്‍, കരുണയെ പുറത്താക്കിയതായി അറിയിച്ചത്. കരുണയെ എല്‍.ടി.ടി.ഇ.യില്‍ വഹിച്ചിരുന്ന എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കിയതായി തമിഴ്ശെല്‍വന്‍ പറഞ്ഞു. കിഴക്കന്‍ മേഖലയുടെ ഉപമേധാവിയായി കരുണയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന രമേഷിന് എല്ലാ ചുമതലകളും കൈമാറിയതായും തമിഴ്ശെല്‍വന്‍ വ്യക്തമാക്കി. എല്‍.ടി.ടി.ഇ.യിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രണ്ടര വര്‍ഷമായി തുടരുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഭീഷണിയാവില്ലെന്ന് തമിഴ്ശെല്‍വന്‍ അവകാശപ്പെട്ടു.
ശ്രീലങ്കയിലെ ഭൂരിപക്ഷംവരുന്ന സിംഹള വംശജര്‍ സമാധാനശ്രമങ്ങളെ അനുകൂലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സമാധാനശ്രമങ്ങളുടെ മറവില്‍ കരുണ തമിഴ്വംശജരെ വഞ്ചിക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തി. ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് കരുണയുടെ പേരു സൂചിപ്പിക്കാതെ തമിഴ്ശെല്‍വന്‍ പറഞ്ഞു.
വെടിനിര്‍ത്തലും ശ്രീലങ്ക സര്‍ക്കാറുമായുള്ള സമാധാന ശ്രമങ്ങളും തുടരാന്‍ എല്‍.ടി.ടി.ഇ. പ്രതിജ്ഞാബദ്ധമാണെന്നും സമാധാന സംഭാഷണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പുനരാരംഭിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരുണയുടെ കീഴിലെ പുലിസൈന്യം എല്‍.ടി.ടി.ഇ. മേധാവി പ്രഭാകരനോട് വിധേയത്വം പുലര്‍ത്തുന്നതാണെന്ന് തമിഴ് ശെല്‍വന്‍ പറഞ്ഞു.
സമാധാന ചര്‍ച്ചകളില്‍ പു ലി പ്രതിനിധി സംഘത്തില്‍ അംഗമായിരുന്ന കരുണ, സമാധാന ശ്രമങ്ങളില്‍ ഇനി തന്നെ പ്രത്യേക ഗ്രൂപ്പായി കാണണമെന്ന് നോര്‍വെ പ്രതിനിധികളെ ഈയാഴ്ച അറിയിച്ചതോടെയാണ് എല്‍.ടി.ടി.ഇ.യിലെ അഭിപ്രായ ഭിന്നത മറനീക്കിയത്. പുലികളുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി പൊട്ടുഅമ്മന്റെ ഉത്തരവനുസരിച്ച് കിഴക്കന്‍ ശ്രീലങ്കയില്‍ രണ്ടു തമിഴ്രാഷ്ട്രീയ നേതാക്കളെ കഴിഞ്ഞ തിങ്കളാഴ്ച കൊലപ്പെടുത്തിയതാണ് നേതൃത്വത്തെ വെല്ലുവിളിക്കാന്‍ കരുണയെ പ്രേരിപ്പിച്ച ഘടകം. കൂടാതെ ഏപ്രിലില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ മേഖലയിലെ തമിഴ് ദേശീയ മുന്നണി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ അര്‍ഹമായ സ്ഥാനം നല്കാത്തതില്‍ കരുണയ്ക്ക് അതൃപ്തിയുണ്ടായിരുന്നതായും പറയപ്പെടുന്നു.
ഇരുപതു വര്‍ഷ ചരിത്രത്തിനിടയില്‍ ആദ്യമായി എല്‍.ടി.ടി.ഇ. രൂക്ഷമായ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. കേണല്‍ കരുണയെ എത്രയും പെട്ടെന്ന് ഒറ്റപ്പെടുത്തിയില്ലെങ്കില്‍ കിഴക്കുഭാഗത്തെയും വടക്കുഭാഗത്തെയും തമിഴ് പുലിസേനകള്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന് സംഘടനയ്ക്കുള്ളില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. ഈയൊരു ഘട്ടത്തില്‍ ശ്രീലങ്ക സൈന്യം പുലികളില്‍ ഒരു വിഭാഗത്തെ സഹായിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
എല്‍.ടി.ടി.ഇ. സൈന്യത്തില്‍ വളരെ പെട്ടെന്നായിരുന്നു നാല്‍പതുകാരനായ കരുണയുടെ വളര്‍ച്ച. 1983ല്‍ ആയിരുന്നു കരുണ എല്‍.ടി.ടി.ഇ.യില്‍ ചേര്‍ന്നത്. പ്രഭാകരന്റെ അംഗരക്ഷകനായിരുന്ന കരുണയ്ക്ക് ജന്മദേശമായ കിഴക്കന്‍ മേഖലയുടെ ഉയര്‍ന്ന കമാന്‍ഡറാകാന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു.
1997-98 കാലത്ത് ശ്രീലങ്ക സൈന്യത്തിനുനേരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ പുലിസേനയുടെ പിന്നിലെ തന്ത്രങ്ങള്‍ കരുണയുടെതായിരുന്നു. എലിഫന്റ് പാസ് പിടിച്ചെടുക്കാനും ശ്രീലങ്ക സൈന്യത്തെ സമാധാന ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കാനും തമിഴ് പുലികളുടെ ഈ നേട്ടം കാരണമായി.
എന്നാല്‍ തമിഴ് പുലി സൈനികരില്‍ ഭൂരിഭാഗവും കിഴക്കന്‍ മേഖലയില്‍ നിന്ന് വരുമ്പോള്‍ നേതാക്കളായി വടക്കന്‍ മേഖലയിലുള്ളവരെ നിയമിക്കുന്നത് കരുണയെ രോഷാകുലനാക്കിയതായി പറയപ്പെടുന്നു. നേതൃത്വത്തോട് വിധേയത്വം പുലര്‍ത്തുന്നതിന് തമിഴ്പുലികള്‍ക്കിടയില്‍ കര്‍ശന നിയമങ്ങളുണ്ട്. പുലി മേധാവി പ്രഭാകരനെ മുന്‍കാലങ്ങളില്‍ വെല്ലുവിളിച്ചവരെ കൊലപ്പെടുത്തുകയായിരുന്നു പതിവ്. പ്രഭാകരനുമായി മുമ്പും കരുണയ്ക്ക് അഭിപ്രായവ്യത്യാസ മുണ്ടായിരുന്നു. എന്നാല്‍ പുലിസൈന്യത്തിലെ സ്വാധീനം കണക്കിലെടുത്ത് കരുണയെ സമാധാന ചര്‍ച്ചകളില്‍ പ്രതിനിധിയാക്കുകയായിരുന്നു.
കരുണയോട് വിധേയത്വമുള്ള കിഴക്കന്‍ മേഖലയിലെ 6,000 പുലി സൈനികരുടെ നിലപാട് അറിവായിട്ടില്ല. തമിഴ് സൈന്യത്തില്‍ മൂന്നിലൊന്ന് കരുണയുടെ കീഴിലായിരുന്നു












Click it and Unblock the Notifications