ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ വി.എസ്
തിരുവനന്തപുരം: കോടികളുടെ വില്പനനികുതി അടയ്ക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ ലോട്ടറികളെ സഹായിക്കുന്നതിനായി ഓണ്‍ലൈന്‍ ലോട്ടറികളുമായി ബന്ധപ്പെട്ട കേസുകള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
സര്‍ക്കാരിലെ ചില പ്രമുഖ വ്യക്തികളാണ് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ലോട്ടറികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. മാര്‍ച്ച് എട്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
ഓണ്‍ലൈന്‍ ലോട്ടറി നിരോധനം സംബന്ധിച്ച കേസ് സര്‍ക്കാര്‍ ശരിയായ വിധത്തില്‍ മുന്നോട്ടുകൊണ്ടുപോവുന്നില്ല. സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതു മൂലം മൂലം ഒമ്പത് തവണയാണ് കേസ് നീട്ടിവച്ചത്. ഓണ്‍ലൈന്‍ ലോട്ടറി നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
5700 കോടിയോളം വില്പന നികുതി കുടിശിക ഓണ്‍ലൈന്‍ ലോട്ടറികള്‍ നല്‍കാനുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയും സംസ്ഥാനത്തിന്റെ കടം 35,000 കോടിയായി ഉയരുകയും ചെയ്ത സാഹചര്യത്തിലും ഈ ഭീമമായ കുടിശിക പിരിച്ചെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.
ഒരു ഓണ്‍ലൈന്‍ ലോട്ടറി 895 കോടിയുടെ കുടിശിക വരുത്തിവച്ചതു സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് അനുകൂലമായ കോടതി വിധി നേടിയെടുക്കാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ഇത് പിന്നീട് പിരിച്ചെടുക്കാമെന്നാണ് ജഡ്ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചത്.
ഓണ്‍ലൈന്‍ ലോട്ടറികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ല. ഓണ്‍ലൈന്‍ ലോട്ടറികളുടെ നികുതി കുടിശിക പിരിച്ചെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഇടപെടണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications