കല്ലുവഴി ഗ്രാനൈറ്റിന് പ്രിയം
പാലക്കാട്: പാലക്കാട് ജില്ലയിലെ രണ്ട് സ്ഥലങ്ങള്‍ ഗ്രാനൈറ്റ് ഭൂപടത്തില്‍ സ്ഥാനം പിടിയ്ക്കുന്നു. മണര്‍ക്കാടിനടുത്തുള്ള കല്ലുവഴിയും എടക്കുറിശ്ശിയുമാണ് ഈ സ്ഥലങ്ങള്‍.
കല്ലുവഴിയില്‍ മൂന്നേക്കര്‍ സ്ഥലത്ത് അടുത്തുതന്നെ വ്യാപകമായി ഖനനം തുടങ്ങും. ഹൈദരാബാദിലെ മിഡ് വെസ്റ്ഗ്രാനൈറ്റ്സ് ഇന്ത്യാ ലിമിറ്റഡാണ് ഇവിടെ ഖനനം നടത്തുന്നത്. ഇവരുടെ വലിയ മണ്ണുമാന്തിയന്ത്രം കല്ലുവഴിയില്‍ എത്തിക്കഴിഞ്ഞു. കല്ലുവഴിയിലേക്കുള്ള റോഡുകളും കമ്പനി നിര്‍മ്മിച്ചുകഴിഞ്ഞു.
ഇവിടുത്തെ ഗ്രാനൈറ്റ് മുന്തിയ ഇനത്തില്‍പ്പെട്ടതാണ്. ആനക്കൊമ്പിന്റെ നിറത്തില്‍ മഞ്ഞകലര്‍ന്ന ഈ ഗ്രാനൈറ്റിന് യുഎസില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതായി ഗുരു അയ്യര്‍ പറയുന്നു. ഇദ്ദേഹമാണ് ഗ്രാനൈറ്റ് ഖനനത്തിന് ഹൈദരാബാദിലെ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. ഇവിടുത്തെ ഖനനത്തിനുള്ള ലൈസന്‍സ് നേടിയിരിക്കുന്നതും ഗുരു അയ്യര്‍ തന്നെ.
ബാംഗ്ലൂരില്‍ നടന്ന ഗ്രാനൈറ്റ് പ്രദര്‍ശനത്തില്‍ കല്ലുവഴിയിലെയും എടക്കുറിശ്ശിയിലെയും ഗ്രാനൈറ്റ് സാമ്പിളുകള്‍ വച്ചിരുന്നു. ഇവയ്ക്ക് ആവശ്യക്കാരായി പലരും എത്തിയതായി തിരുവനന്തപുരത്തെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ പറയുന്നു.
എടക്കുറിശ്ശിയിലെ ഗ്രാനൈറ്റും മുന്തിയ ഇനമാണ്. ഇത് ഇറ്റലിയിലേക്ക് കയറ്റിഅയയ്ക്കാന്‍ കെ.പി. ഗ്രാനൈറ്റ് എന്ന കമ്പനി ശ്രമിച്ചുവരികയാണ്. ഇതുവരെ തിരുവനന്തപുരത്തും കൊല്ലത്തും മാത്രമേ ഗ്രാനൈറ്റ്കണ്ടെത്തിയിരുന്നുള്ളൂ.
സംസ്ഥാനത്ത് ഗ്രാനൈറ്റ് ഖനനത്തിന് 90 സ്ഥലങ്ങള്‍ പാട്ടത്തിന് നല്കിയിട്ടുണ്ടെങ്കിലും എട്ടിടത്തേ ഖനനം നടക്കുന്നുള്ളൂ. കേരളത്തില്‍ പൊതുവേ ഉയര്‍ന്ന റോയല്‍റ്റിത്തുക സര്‍ക്കാര്‍ ഈടാക്കുന്നതാണ് വ്യവസായികളെ ഗ്രാനൈറ്റ് ഖനനത്തില്‍ നിന്നും അകറ്റുന്നതെന്ന് ആള്‍ കേരള ഗ്രാനൈറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. ശ്രീധര്‍ പറയുന്നു. കര്‍ണ്ണാടകത്തിലും ആന്ധ്രയിലും ഒരു ചതുരശ്രമീറ്റര്‍ ഗ്രാനൈറ്റ് കുഴിച്ചെടുക്കുന്നതിന് 1500 രൂപ മാത്രം ഈടാക്കുമ്പോള്‍ കേരളത്തില്‍ 4,000 രൂപയാണ് വാങ്ങുന്നത്.
ഇപ്പോള്‍ യൂറോപ്പിലെയും ഗള്‍ഫിലെയും ഗ്രാനൈറ്റ് വിപണികളില്‍ ചൈനയില്‍ നിന്നും വന്‍മത്സരം നേരിടേണ്ടിവരുന്നുണ്ട്. ചൈന നന്നേകുറഞ്ഞ വിലയ്ക്കാണ് ഗ്രാനൈറ്റ് നല്കുന്നത്.












Click it and Unblock the Notifications