ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് 1174 കേന്ദ്രങ്ങള്‍
തിരുവനന്തപുരം: മാര്‍ച്ച് പത്ത് ബുധനാഴ്ച ആരംഭിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് 1174 കേന്ദ്രങ്ങളാണ് ഉള്ളത്. 25 വരെ നടക്കുന്ന പരീക്ഷ 3,11,470 വിദ്യാര്‍ഥികളാണ് എഴുതുന്നത്.
പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹയര്‍ സെക്കണ്ടറി പരീക്ഷാബോര്‍ഡ് സെക്രട്ടറി ഡോ. എന്‍. മുരുകന്‍ വ്യക്തമാക്കി.
എറണാകുളത്താണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തിരിക്കുന്നത്. (31,926 പേര്‍). ഉച്ചയ്ക്ക് ശേഷമാണ് പ്ലസ് ടു പരീക്ഷകള്‍. രാവിലെ പത്താം ക്ലാസ് പരീക്ഷ നടക്കുന്നതുകൊണ്ടാണ് ഇത് ഉച്ചയ്ക്ക് ശേഷമാക്കിയത്.
പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുവേണ്ടി എല്ലാ ജില്ലകളിലും വിജിലന്‍സ് സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ രണ്ട് ജില്ലകള്‍ക്ക് ഒന്നുവീതം ഏഴ് പ്രത്യേക പരിശോധനാ സംഘങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. സംഘങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷയുള്ള എല്ലാ ദിവസവും പരിശോധന നടത്തും.
മൂല്യനിര്‍ണയത്തിനായി 38 കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷം ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും മൂല്യനിര്‍ണയ ക്യാമ്പുകള്‍ അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ അധ്യാപകര്‍ക്ക് ജില്ലമാറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ അനുവദിക്കുകയില്ല. ക്യാമ്പുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ ഏഴ് വരേയും തുടര്‍ന്ന് 12 മുതല്‍ 22 വരെയും രണ്ടു ഘട്ടങ്ങളിലായിട്ടാവും നടക്കുക. ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. മെയ്16ന് ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications