വെള്ളം വേണോ, വെള്ളം ?
തിരുവനന്തപുരം: കേരളത്തിന് അപരിചിതമാണ് സ്വകാര്യ മേഖലയിലെ കുടിവെള്ള കച്ചവടം. എന്നാല്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ പോലെ ഇതാ കേരളത്തിലും കുടിവെള്ള കച്ചവടം ഇപ്പോള്‍ പൊടിപൊടിയ്ക്കുന്നു.
പല തീര ദേശ മേഖലകളിലും ഇപ്പോള്‍ കുടിവെള്ള കച്ചവടം തകൃതിയാണ്. ഈ പ്രദേശങ്ങളിലെ പൈപ്പുകളില്‍ വെള്ളമില്ല. കിണറിലെ വെള്ളം ഉപ്പുകാരണം കുടിയ്ക്കാനും കഴിയില്ല. അതാണ് ഈ പ്രദേശങ്ങളില്‍ വെള്ള കച്ചവടം തകര്‍ക്കുന്നത്.
എല്ലാ വിപണന സംവിധാനവും ഉപയോഗിച്ചാണ് ഈ വെള്ള കച്ചവടം. തിരുവനന്തപുരത്തെ കോവളം പ്രദേശത്ത് ഹോട്ടലുകളുടെ എണ്ണം കൂടിയത് ഇവര്‍ക്ക് നല്ല കൊയ്തിന് വഴി ഒരുക്കുന്നു. ഇവിടെ വഴിനീളെ പരസ്യ പലക പോലും കാണം. അതിലെ വാചകം ഇതാണ്. - കുടിവെള്ളം കുറഞ്ഞനിരക്കില്‍....സമീപിക്കുക. ഫോണ്‍: ....ടെലഫോണില്‍ ഇവര്‍ക്ക് കരാര്‍ നല്‍കിയാല്‍ അയ്യായിരം മുതല്‍ പതിനായിരം വരെ ലിറ്റര്‍ ശേഷിയുള്ള ടാങ്കുകളില്‍ വെള്ളവുമായി ലോറികള്‍ എത്തും.
അയ്യായിരം ലിറ്റര്‍ വെള്ളം എത്തിയ്ക്കാന്‍ 300 രൂപയാണ് നിരക്ക്. വെള്ളം എടുക്കുന്ന സ്ഥലത്ത് നിന്ന് ദൂരം കൂടുന്തോറും വിലയും കൂടും. ഇതല്ലാതെ ചില്ലറ വില്‍പനയുമുണ്ട്. അടുത്ത പ്രദേശങ്ങളില്‍ കുടമൊന്നിന് (ഏകദേശം അഞ്ചുലിറ്റര്‍ വെള്ളം) രണ്ടു രൂപയാണെങ്കില്‍ അകലം വര്‍ധിക്കുമ്പേള്‍ അത് അഞ്ചുരൂപയാകും. വേനലിന്റെ കാഠിന്യം വര്‍ധിക്കുമ്പോള്‍ ഒരു കുടം വെള്ളത്തിന് 18 രൂപവരെയായി വില ഉയരും.
കുടിവെള്ളക്ഷാമം രൂക്ഷമായ കോവളം, വിഴിഞ്ഞം, പൊഴിയൂര്‍, പൂവാര്‍ തുടങ്ങി തെക്ക് തമിഴ്നാട് അതിര്‍ത്തിവരെയുള്ള തീരപ്രദേശം കേന്ദ്രമാക്കിയാണ് സ്വകാര്യ വ്യക്തികളുടെ കുടിവെള്ളക്കച്ചവടം നടക്കുന്നത്. വെള്ളായണി ശുദ്ധജല തടാകക്കരയിലുള്ള വെങ്ങാനൂര്‍, കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥലങ്ങളില്‍നിന്ന് ഭൂഗര്‍ഭ ജലം അമിതമായി ചൂഷണം ചെയ്താണ് വില്‍പന. ഇതില്‍ മുട്ടയ്ക്കാട്, വെണ്ണിയൂര്‍, പനങ്ങോട് എന്നിവിടങ്ങളില്‍ വന്‍ തോതില്‍ ജലം ഊറ്റുന്നു. സ്വകാര്യ കിണറുകളില്‍നിന്ന് ശക്തിയേറിയ പമ്പുകളുപയോഗിച്ച് വെള്ളമൂറ്റി ലോറികളില്‍ ജലക്ഷാമമുള്ള പ്രദേശങ്ങളിലെത്തിച്ച് വില്‍ക്കുന്നുണ്ട്.
ഓരോ ദിവസവും ശരാശരി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം ഈ പ്രദേശത്തുനിന്നും ഊറ്റുന്നതായി പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്ക്. അതായത് ഒരു ലക്ഷത്തില്‍പരം രൂപയുടെ വെള്ളക്കച്ചവടം ദിവസവും നടക്കുന്നു. തീരദേശത്ത് എല്ലാക്കാലത്തും ദിവസവും ജലക്ഷാമമുള്ളതിനാല്‍ മിക്ക സമയത്തും ഇവിടെ അനധികൃത വെള്ളക്കച്ചവടം നടക്കുന്നുണ്ട്. ഒരു വര്‍ഷം മൂന്നരക്കോടിയില്‍ കൂടുതല്‍ രൂപയ്ക്ക് അനധികൃത ജലക്കച്ചവടം നടക്കുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്.
20-ഓളം പേരാണ് ഇപ്പോള്‍ ജലക്കച്ചവട രംഗത്തുള്ളത്. കോവളം അന്തര്‍ദ്ദേശീയ വിനോദസഞ്ചാര കേന്ദ്രത്തിലെ ഹോട്ടലുകള്‍ക്ക് ജലമെത്തിച്ചായിരുന്നു കച്ചവടത്തിന്റെ തുടക്കം. ഇന്ന് ഇവിടെനിന്നുള്ള വെള്ളം തിരുവനന്തപുരം നഗരത്തിലും എത്തിച്ചുകൊടുക്കുന്നുണ്ട്.
ആര്‍ടിഒ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറിനൊപ്പം സൂക്ഷിക്കണമെന്നു തുടങ്ങിയ നിയമങ്ങള്‍ ഇവര്‍ പാലിയ്ക്കുന്നില്ലെന്നും പരാതിയുണ്ട്.
കോവളത്ത് കുടിവെള്ളവില്പന നടക്കുമ്പോള്‍ കേരളത്തിലെ മറ്റൊരു വിനോദ സഞ്ചാര മേഖലയായ പീരുമേട്ടില്‍ ജനങ്ങള്‍ കുടിവെള്ള ക്ഷാമം പരിഹരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടറേയും തഹസില്‍ ദാരെയും തടഞ്ഞ് വച്ചു. അവിടെ ആരും ഇതുവരെ വെള്ളകച്ചവടത്തിന്റെ ലാഭ വശം കണ്ടെത്തിയിട്ടില്ലെന്ന് തോന്നുന്നു. തടവിലായ ഉദ്യോഗസ്ഥര്‍ ഒടുവില്‍ കളക്ടറുമായി ബന്ധപ്പെട്ട് വെള്ളം വിതരണം ചെയ്യാന്‍ പഞ്ചായത്തിന് പണം നല്‍കാമെന്ന് ഉറപ്പ് നല്‍കി നാട്ട്കാരെ പിരിച്ച് വിട്ട് രക്ഷപ്പെട്ടു.












Click it and Unblock the Notifications