കോണ്‍ഗ്രസ്സ് നെഹറുവിലേക്ക് തിരിയുന്നു
ദില്ലി: വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ 2003 ഡിസംബര്‍ ഒന്നിന് നടന്ന തിരഞ്ഞെടുപ്പിന് സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്ത സമീപനമായിരിയ്ക്കും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിയ്ക്കുക.
മൃദു ഹിന്ദുത്വമായിരുന്നു അന്ന് കോണ്‍ഗ്രസ് സ്വീകരിച്ചത്. അത് മാറ്റി ഇടതുപക്ഷ നയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന നയം സ്വീകരിയ്ക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉദ്ദേശിയ്ക്കുന്നത്. കോണ്‍ഗ്രസിന്റെ സ്വന്തമായ നെഹ്റുസിദ്ധാന്തങ്ങള്‍ മുറുകെ പിടിയ്ക്കുകയാണ് ഉദ്ദേശം. മതനിരപേക്ഷ മുദ്രാവാക്യവുമായി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു.
കര്‍ഷകര്‍, തൊഴിലില്ലാത്ത യുവാക്കള്‍ എന്നിവരെ ലക്ഷ്യം വച്ചാണ് ഈ നയ സമീപന മാറ്റത്തിന് കോണ്‍ഗ്രസ് തീരുമാനിച്ചത്.
ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിയ്ക്കേണ്ട മാനിഫെസ്റൊ തയ്യാറാക്കാനായി കൂടിയ യോഗത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നത്. വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുപോകുന്ന ബിജെപി സഖ്യത്തെ പരാജയപ്പെടുത്താന്‍ മതേതരകക്ഷികള്‍ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം പാര്‍ട്ടി പ്രവര്‍ത്തകസമിതി മാര്‍ച്ച് ഒമ്പത് ചൊവാഴ്ച അംഗീകരിച്ചു. അര്‍ജുന്‍ സിങ്ങ് തയാറാക്കി അവതരിപ്പിച്ച പ്രമേയം വിശദമായ ചര്‍ച്ചയ്ക്കുശേഷമാണ് പ്രവര്‍ത്തകസമിതി അംഗീകരിച്ചത്.
ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ രഥയാത്രയും രാമക്ഷേത്രനിര്‍മാണം ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങളും ബി.ജെ.പിയുടെ വീക്ഷണരേഖയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതാണ് ഇത്തരം ഒരു നീക്കം സ്വീകരിയ്ക്കാന്‍ കാരണം.
മാത്രമല്ല കോണ്‍ഗ്രസ് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പികളില്‍ സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനം പാര്‍ട്ടിയ്ക്ക് കാര്യമായി ഗുണം ചെയ്തുമില്ല. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ എതിര്‍പ്പുണ്ടാക്കുകയും ചെയ്തു.
മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയുടെ സംഘടനയുമായി ബന്ധമുള്ള ബിജെപിക്ക് രാജ്യം ഭരിക്കാന്‍ അവകാശമില്ലെന്നു പ്രമേയം പറയുന്നു.
വര്‍ഗീയ അജന്‍ഡയും അധികാരമോഹവുമുള്ള എന്‍ഡിഎയെ പരാജയപ്പെടുത്തുകയെന്നതാണ് രാജ്യം ഏറ്റെടുക്കേണ്ട ചുമതല. ആസന്നമായ അപകടത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും തയ്യാറാകേണ്ടതുണ്ട്. മതേതര പാര്‍ട്ടികളുടെ സഖ്യം രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറെടുക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്-പ്രമേയത്തില്‍ പറയുന്നു.












Click it and Unblock the Notifications