ബിഎഡ് കോളജ്: ലീഗ് നേതാക്കള്‍ കുറ്റക്കാര്‍
കോഴിക്കോട്: ബിഎഡ് കോളജ് അനുവദിക്കുന്നതിന് മീനങ്ങാടി മെത്രാപ്പോലീത്ത ഡോ. യൂഹന്നാന്‍ മാര്‍ പീലിക്സിനോസിനോട് കോഴ ചോദിച്ചുവെന്ന ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടതായി കോഴിക്കോട് വിജിലന്‍സ് കോടതി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ട മൂന്ന് മുസ്ലിംലീഗ് നേതാക്കള്‍ക്ക് മെയ് 12ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയയ്ക്കാനും കോടതി ഉത്തരവായി.
അതേ സമയം വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന്‍ദാസ് എന്നിവരെ മതിയായ തെളിവില്ലെന്ന കാരണത്താല്‍ കേസില്‍ കുറ്റക്കാരാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മൂന്ന് മുസ്ലിംലീഗ് ജില്ലാനേതാക്കളെ വിചാരണ ചെയ്ത ശേഷം ആവശ്യമെങ്കില്‍ ഇവരെ കോടതി വിസ്തരിക്കും. കേസില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് വിചാരണ വേളയില്‍ വ്യക്തമാവുമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് എന്‍. മമ്മൂട്ടി, ലീഗ് ജില്ലാ സെക്രട്ടറിയും ടെക്സ് ഫെഡ് ചെയര്‍മാനുമായ പി. സി. അഹമ്മദ്, ലീഗ് ജില്ലാ കമ്മിറ്റിയംഗം പി. വി. വി. മൂസ എന്നിവര്‍ പ്രഥമദൃഷ്ട്യാ കേസില്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് ജഡ്ജി എം. ആര്‍. ഗോപാലകൃഷ്ണന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു.
മന്ത്രി സൂപ്പിക്കും മറ്റ് നാല് ലീഗ് നേതാക്കള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ജനവരി 20ന് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications