ഐടി ജോലി: രാജഗിരി സ്കൂള്‍ വിവരംശേഖരിയ്ക്കും
കൊച്ചി: കാള്‍ സെന്റര്‍ ജോലിയ്ക്ക് അനുയോജ്യരായ വിദ്യാര്‍ത്ഥികളുടെ ലിസ്റുണ്ടാക്കാന്‍ കേരള ഐടി മിഷന്‍ രാജഗിരി സ്കൂള്‍ ഓഫ് മാനേജ്മെന്റിന് നിര്‍ദേശം നല്കി. കൊച്ചിയിലെ പ്രീഡിഗ്രി, ഡിഗ്രി, ഡിപ്ലോമ കോളെജുകളില്‍ ഉള്ള മിടുക്കരായ വിദ്യാര്‍ത്ഥികളുടെ വിവരമാണ് രാജഗിരി സ്കൂള്‍ ശേഖരിയ്ക്കുക.
കൊച്ചിയിലെ ഐടിപാര്‍ക്കിലും മറ്റുമായി പ്രവര്‍ത്തനം ആരംഭിയ്ക്കാനിരിക്കുന്ന കാള്‍ സെന്ററുകളില്‍ ജോലിയ്ക്കായി മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന്റെ ഭാഗമാണീനീക്കം. വിഷയം അവതരിപ്പിക്കാനുള്ള കഴിവ്, സ്ക്രീനിംഗ് ടെസ്റ് എന്നീ ആദ്യ റൗണ്ടുകളില്‍ നിന്ന് മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തും. പിന്നീട് ഈ വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യും. പല ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 90 മണിക്കൂറുകള്‍ നീളുന്ന പരിശീലനം നല്കും. കലൂര്‍ ജവഹര്‍ലാല്‍ ഇന്റര്‍നാഷണല്‍ സ്റേഡിയത്തിലുള്ള കേരള ഐടി മിഷന്റെ ഐടിഇഎസ് ഹാബിറ്റാറ്റ് കേന്ദ്രത്തിലായിരിക്കും പരിശീലനം നല്കുക. ഈ പരിശീലനത്തിന് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 2,000 രൂപ ഫീസായി ഈടാക്കും. ഈ പരിശീലനം കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റില്‍ നിന്നാണ് കമ്പനികള്‍ അനുയോജ്യരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
കാള്‍ സെന്റര്‍ ജോലിയില്‍ താല്പര്യമുള്ളവിദ്യാര്‍ത്ഥികള്‍ രാജഗിരി കോളെജ് നടത്തുന്ന പ്രാഥമിക ടെസ്റില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 28ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളമശ്ശേരിയിലുള്ളരാജഗിരി സോഷ്യല്‍ സയന്‍സസ് കോളെജില്‍ എത്തിച്ചേരണം. ഈ ടെസ്റില്‍ പങ്കെടുക്കാന്‍ അതിന് മുമ്പ് പേര് രജിസ്റര്‍ ചെയ്യണം. മാര്‍ച്ച് 20ആണ് പേര് രജിസ്റര്‍ ചെയ്യാനുള്ള അവസാന തീയതി.
പ്രീഡിഗ്രി, ഡിഗ്രി, ഡിപ്ലോമ, ബിരുദാനന്തരബിരുദം എന്നിവ നേടിയവര്‍ക്കും ഈ കോഴ്സുകളില്‍ അവസാനവര്‍ഷപഠനം നടത്തുന്നവര്‍ക്കും ടെസ്റില്‍ പങ്കെടുക്കാം.
ഇതിന് പുറമെ കാള്‍ സെന്റര്‍ ജോലിയ്ക്ക് താല്പര്യമുള്ളവര്‍ക്ക് കേരള ഐടി മിഷന്‍ പ്രത്യേക അവധിക്കാല പരിശീലനം നല്കുന്നുണ്ട്. ഏപ്രില്‍ ആദ്യവാരം ക്ലാസ് തുടങ്ങും. മാര്‍ച്ച് 25ന് മുമ്പ് പേര് രജിസ്റര്‍ ചെയ്യണം. കോഴ്സ് ഫീ മാര്‍ച്ച് 30ന് മുമ്പ് നല്കണം. 90 മണിക്കൂര്‍ നീളുന്ന പരിശീലനമാണ് നല്കുക. ഇംഗ്ലീഷിലുള്ള പ്രാഗത്ഭ്യം മെച്ചപ്പെടുത്തുന്നതിന് 60 മണിക്കൂറും കമ്പ്യൂട്ടര്‍ പരിശീലനത്തിന്10 മണിക്കൂറും വ്യക്തിത്വവികസനത്തിന് 10 മണിക്കൂറും പരിശീലനം നല്കും.












Click it and Unblock the Notifications