വരള്‍ച്ച: മുഖ്യമന്ത്രി 4 ജില്ലകള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
മാര്‍ച്ച് 17 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
വരള്‍ച്ച ഏറ്റവും രൂക്ഷമായ നാല് ജില്ലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും കുട്ടനാടന്‍ പ്രദേശങ്ങളിലുമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. ജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കുന്നതിനും നിര്‍ദേശങ്ങള്‍ ശേഖരിക്കുന്നതിനും വേണ്ടിയാണ് ഈ സന്ദര്‍ശനം. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം വേണ്ട നടപടികള്‍ അടുത്ത മന്ത്രിസഭായോഗത്തിന് മുമ്പ് സ്വീകരിക്കും.
വരള്‍ച്ച നേരിടുന്നതിന് 200 കോടി രൂപ അടിയന്തിരമായ ചെലവഴിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. കളക്ടര്‍മാര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗം ബുധനാഴ്ച തന്നെ ചേരും.
സംസ്ഥാനത്തിന് നേരത്തെ ദുരിതാശ്വാസമായി ലഭിച്ച കേന്ദ്രവിഹിതം വേണ്ടവിധം ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേന്ദ്രം ഇത്തവണ കേരളത്തിന് അനുവദിച്ച തുക കുറഞ്ഞുപോയി. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രിമാര്‍ കേരളത്തിന് കൂടുതല്‍ തുക സഹായമായി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ല.
കൂടുതല്‍ സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കും. പുതിയ നിവേദനത്തില്‍ കുടിവെള്ളത്തിനായിരിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications