ഐക്യമുന്നണി പട്ടികയോട് വെള്ളാപ്പള്ളിയ്ക്കും എതിര്‍പ്പ്
കൊച്ചി: കോണ്‍ഗ്രസിലെ വിവിധ വിഭാഗങ്ങള്‍ മാത്രമല്ല ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വെള്ളാപ്പള്ളി നടേശനും എതിര്‍ക്കുന്നു.
ഈഴവ സമുദായത്തിന് പട്ടികയില്‍ വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നാണ് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാതി. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെങ്കിലും ഈഴവരോട് നീതിപാലിയ്ക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുമുന്നണി ജയസാധ്യതയുള്ളിടത്ത് സമുദായാംഗങ്ങളെ നിര്‍ത്തിയത് സന്തോഷകരമാണ്. സമുദായാംഗങ്ങള്‍ക്ക് ഐക്യമുന്നണി നല്‍കിയത് തോല്‍ക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ്. യുഡിഎഫ് പട്ടികയില്‍ മുന്നണിയും കോണ്‍ഗ്രസും കാലങ്ങളായി തുടരുന്ന ഈഴവവിരുദ്ധ മനോഭാവം പ്രകടമാണ്. ആകെ നാലു സീറ്റാണ് ഈഴവര്‍ക്ക്. ഇതില്‍ തിരുകൊച്ചിയില്‍ ആലപ്പുഴ മാത്രവും. അതാകട്ടെ ഗത്യന്തരമില്ലാതെ, മറ്റൊരു കളിയും പറ്റില്ലെന്നുറപ്പായപ്പോള്‍ വി.എം.സുധീരനു നല്‍കാന്‍ നിര്‍ബന്ധിതമായതാണ്. ഈഴവസമുദായത്തിന്റെയും യോഗത്തിന്റെയും ശക്തികേന്ദ്രവും ഗുരുദേവന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും സിരാകേന്ദ്രവുമായ തിരു-കൊച്ചി മേഖലയില്‍ സമുദായത്തെ ഒരു സീറ്റില്‍ ഒതുക്കിയത് എ, ഐ വിഭാഗങ്ങളുടെ ഒത്തുകളിയെന്നു സംശയിക്കുന്നു.-വെള്ളാപ്പള്ളി പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിലെ എ-ഐ വിഴുപ്പലക്ക് അവസാനിപ്പിച്ചതിന്റെ ഭാഗമായി മന്ത്രിമാരുടെ വകുപ്പു മാറ്റം നടത്തിയപ്പോഴും നഷ്ടം ഈഴവനായ മന്ത്രിയ്ക്കായിരുന്നു. കരുണാകരനും ആന്റണിയും തുടര്‍ന്നുവന്ന മത്സരം ശരിക്കും ഈഴവരെ തോല്‍പിക്കാനുള്ള രഹസ്യ അജണ്ടയായിരുന്നുവെന്ന് സംശയിക്കണമെന്നും യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇതിന്റെ ഫലം തിരഞ്ഞെടുപ്പുഫലം വരുമ്പോള്‍ അറിയേണ്ടവര്‍ അറിയും, അനുഭവിയ്ക്കേണ്ടവര്‍ അനുഭവിക്കും.












Click it and Unblock the Notifications