ഔട്ട്സോഴ്സിംഗ്: നാലിലൊന്ന് ഇന്ത്യയ്ക്ക്
ന്യൂയോര്‍ക്ക്: 2010ഓടെ വികസിത രാജ്യങ്ങളിലെ ഉന്നത സാങ്കേതികവിദ്യാ രംഗത്തെ 25 ശതമാനം ജോലികളും ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുമെന്ന് ഗവേഷണ സ്ഥാപനമായ ഗാര്‍ട്നറിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. വികസിതരാജ്യങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്ന നാല് ജോലികളില്‍ ഒരെണ്ണം വീതം ഇന്ത്യയിലെത്തും.
ഔട്ട്സോഴ്സിംഗ് രംഗത്ത് ഇന്ത്യ തന്നെയാണ് ഇപ്പോള്‍ ഒന്നാമത് നില്‍ക്കുന്നതെന്ന് ഗാര്‍ട്നര്‍ വൈസ് പ്രസിഡന്റ് ഇയാന്‍ മാരിയറ്റ് പറഞ്ഞു. ഈ രംഗത്ത് വെല്ലുവിളിയ്ക്കാനാവാത്ത ശക്തിതന്നെയാണ് ഇന്ത്യ. ചൈനയും റഷ്യയും ഈ രംഗത്ത് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വളര്‍ന്നുവരുന്നുണ്ട്.
ഔട്ട്സോഴ്സിംഗ് യുഎസില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. ഇതുമൂലമുണ്ടാകുന്ന വന്‍ സാമ്പത്തിക നേട്ടം കമ്പനികള്‍ക്ക് തള്ളിക്കളയാനാവുന്നതിലും വലിയ പ്രലോഭനമാണ്. യൂറോപ്യന്‍ രാജ്യങ്ങളും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇയാന്‍ മാരിയറ്റ് പറയുന്നു.
പുതിയ പരിഷ്കാരങ്ങളിലൂടെ കമ്പനികള്‍ വളര്‍ച്ചനേടാന്‍ ശ്രമിയ്ക്കുന്നതിന്റെ ഭാഗമാണ് ഔട്ട്സോഴ്സിംഗ് പ്രതിഭാസം. വ്യവസായത്തില്‍ ഇതുവഴി കൂടുതല്‍ മത്സരക്ഷമത വളര്‍ത്താനും കമ്പനികള്‍ക്ക് കഴിയുന്നു. 2003ല്‍ യുഎസില്‍ ബിസിനസ് രംഗത്ത് പ്രത്യക്ഷപ്പെട്ട ഔട്ട്സോഴ്സിംഗ് എന്ന പ്രതിഭാസത്തിന് ഇപ്പോള്‍ യൂറോപ്പിലും പ്രചാരമേറുകയാണ്.
2003ലാണ് യൂറോപ്പില്‍ ഔട്ട്സോഴ്സിംഗ് രംഗത്ത് ഒരു വഴിത്തിരിവുണ്ടായത്. 2003ല്‍ ഒപ്പുവച്ച 100 കോടി ഡോളറിന്റെ 15 വന്‍ഇടപാടുകളില്‍ 10 എണ്ണം യൂറോപ്പിലെ കമ്പനികളുടേതായിരുന്നു. 1989 മുതല്‍ 2003വരെ യൂറോപ്യന്‍ കമ്പനികള്‍ 14 വന്‍ഇടപാടുകള്‍ മാത്രമേ ഒപ്പുവച്ചിട്ടുള്ളൂ.
2003ല്‍ ഔട്ട്സോഴ്സിംഗില്‍ വന്‍ഇടപാടുകള്‍ ഒപ്പുവച്ച കമ്പനികളില്‍ അഞ്ചെണ്ണം ബ്രിട്ടീഷ് സ്ഥാപനങ്ങളും മൂന്നെണ്ണം ഫ്രഞ്ച് കമ്പനികളുമാണ്. ഇതോടെ ഈ പ്രതിഭാസത്തിനോട് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന വിരോധം അലിഞ്ഞില്ലാതായി. - ഇയാന്‍ മാരിയോട്ട് പറഞ്ഞു.
സമ്പന്നരാഷ്ട്രങ്ങളില്‍ ഉയര്‍ന്ന ശമ്പളമുള്ളവെള്ളക്കോളര്‍ ജോലി നഷ്ടപ്പെടുന്നതിനെതിരെ എതിര്‍പ്പുണ്ടെഹ്കിലും ഔട്ട്സോഴ്സിംഗ് പ്രതിഭാസം വരുംവര്‍ഷങ്ങളില്‍ തുടരുകയും വളരുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ലോകത്തുള്ള വികസിതരാഷ്ട്രങ്ങളിലെ ഐടി ജോലികളില്‍ 25 ശതമാനവും 2010ഓടെ ഔട്ട്സോഴ്സിംഗ് വിപണിയില്‍ എത്തിച്ചേരും.












Click it and Unblock the Notifications