കൃഷ്ണ വിജയദുന്ദുഭി യാത്ര തുടങ്ങി
ബാംഗ്ലൂര്‍: കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിജയ് ദുന്ദുഭി യാത്ര ആരംഭിച്ചു. തന്റെ ഔദ്യോഗിക വസതിയായ അനുഗ്രഹയില്‍ നിന്നാണ് മാര്‍ച്ച് 18 വ്യാഴാഴ്ച രാവിലെ കൃഷ്ണ യാത്ര ആരംഭിച്ചത്.
രണ്ട് ദിവസം നീളുന്ന ഈ യാത്ര പ്രത്യേക സൗകര്യങ്ങളോട് കൂടിയ സ്വരാജ് മസ്ദ ബസിലാണ്. അദ്വാനിയുടെ രഥയാത്രയ്ക്ക് സമാനമായ യാത്രയാണ് കൃഷ്ണയുടേത്. സ്വിച്ചിട്ടാല്‍ ബസില്‍ നിന്ന് ഉയരുന്ന പ്രസംഗപീഠത്തില്‍ അഞ്ചുപേര്‍ക്ക് വരെ ഇരിയ്ക്കാം.
യാത്രയുടെ തുടക്കമെന്നോണം കൃഷ്ണ ഗാലി ആഞ്ജനേയക്ഷേത്രത്തിലും മുസ്ലിം പള്ളിയിലും പ്രാര്‍ത്ഥിച്ചു. കെപിസിസി പ്രസിഡന്റ് ജനാര്‍ദ്ദന്‍ പൂജാരി, മന്ത്രിമാര്‍ എന്നിവരും യാത്രയില്‍ കൃഷ്ണയെ അനുഗമിക്കുന്നുണ്ട്.
ഭരണത്തിനെതിരെ യാതൊരു തരംഗവും കര്‍ണ്ണാടകത്തില്‍ ഇല്ലെന്നും തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും കൃഷ്ണ പറഞ്ഞു. ബാംഗ്ലൂര്‍ റൂറല്‍, തുംകൂര്‍, ഹാസ്സന്‍, ചിക്മഗലൂര്‍ എന്നീ ജില്ലകളിലൂടെയാണ് ഒന്നാംഘട്ട യാത്ര കടന്നുപോവുക.
ബിജെപിയുടെ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങിനെ ഒരു ഭീഷണിയില്ലെന്നായിരുന്നു കൃഷ്ണയുടെ മറുപടി. ദക്ഷിണേന്ത്യയിലേക്ക് ബിജെപിയ്ക്ക് പ്രവേശിയ്ക്കാനുള്ള കവാടമാണ് കര്‍ണ്ണാടകമെന്ന് അദ്വാനി പ്രസംഗിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആ കവാടം ഞങ്ങള്‍ അടച്ചുവെന്നായിരുന്നു കൃഷ്ണയുടെ മറുപടി.












Click it and Unblock the Notifications