ഇന്ത്യയിലെ ആദ്യ ടീ മ്യൂസിയം മൂന്നാറില്‍
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയം മൂന്നാറില്‍ തുടങ്ങി. ടാറ്റാ ടീയാണ് ഈ മ്യൂസിയം സ്ഥാപിച്ചത്.
ടാറ്റാ ടീയുടെ കേരളത്തിലെ വളര്‍ച്ചയുടെ ചരിത്രം വ്യക്തമാക്കുന്ന ടീ മ്യൂസിയം മൂന്നാറിലെ നല്ല തണ്ണി എസ്റേറ്റിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. ടാറ്റാ ടീ ആക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ പി.ടി. സിഗന്‍പോറിയ മ്യൂസിയം ഉദ്ഘാടനം ചെയ്തു.
വൈദ്യുതി നിര്‍മ്മിക്കാനായി 1929ല്‍ സ്ഥാപിച്ച ഹൈഡ്രോ ഇലക്ട്രിക് പവര്‍ഹൗസിലെ പെല്‍റ്റട്ടണ്‍ വീല്‍, തേയില അരയ്ക്കാനായി 1905ല്‍ നിര്‍മ്മിച്ച ടീ റോളര്‍, ബംഗ്ലാവുകളെയും എസ്റേറ്റുകളെയും ബന്ധിപ്പിയ്ക്കാന്‍ 1909ല്‍ സ്ഥാപിച്ച ടെലിഫോണ്‍സംവിധാനം എന്നിവ മ്യൂസിയത്തില്‍ കാണാം.
മൂന്നാറില്‍ തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചതു മുതലുള്ള രേഖകളും അപൂര്‍വ ഫോട്ടോകളും പ്രദര്‍ശനത്തിനുണ്ട്. 1929ല്‍ മൂന്നാറിനെയും ടോപ് സ്റേഷനെയും ബന്ധിപ്പിച്ചിരുന്ന തീവണ്ടി സര്‍വീസിലെ റെയില്‍ എഞ്ചിന്റെ ഭാഗങ്ങള്‍, പഴയ മരുന്ന് തളി ഉപകരണം, 1924ലെ പൊടിയ്ക്കല്‍ യന്ത്രം എന്നിവയും കാണാം.
മ്യൂസിയത്തിന്റെ മുന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഗ്രാനൈറ്റില്‍ നിര്‍മ്മിച്ച സൂര്യഘടികാരം പ്രത്യേകശ്രദ്ധയാകര്‍ഷിയ്ക്കും. 1913ല്‍ നിര്‍മ്മിച്ചതാണിത്.












Click it and Unblock the Notifications